ഗ്രൂപ് ധ്രുവീകരണം മുറുകി; നേതാക്കളിൽ ചാഞ്ചാട്ടം
text_fieldsതിരുവനന്തപുരം: പുനഃസംഘടന മറയാക്കി സംസ്ഥാന കോൺഗ്രസിൽ പുതിയ ഗ്രൂപ് ധ്രുവീകരണം ശക്തമായതോടെ നേതാക്കളിൽ ചാഞ്ചാട്ടം. പ്രബല ഗ്രൂപ്പുകളായ എ, ഐ വിഭാഗങ്ങളിൽ വിള്ളൽവീഴ്ത്തിയാണ് പുതിയ ഗ്രൂപ് സമവാക്യങ്ങൾ. കെ.സി. വേണുഗോപാലിന്‍റെയും വി.ഡി. സതീശന്‍റെയും നേതൃത്വത്തിൽ ഗ്രൂപ്പും രമേശ് ചെന്നിത്തല- കെ. സുധാകരൻ- കെ. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു ഗ്രൂപ്പും എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഇരുചേരികളുടെയും അമരക്കാരായി പഴയ ഐ പക്ഷം നേതാക്കളാണെന്ന പ്രത്യേകതയുമുണ്ട്. എ പക്ഷത്തെ വലിയൊരു വിഭാഗം കെ.സി. വേണുഗോപാൽ-സതീശൻ കൂട്ടുകെട്ടിനൊപ്പം ചേർന്നുകഴിഞ്ഞു. അതേസമയം, എ പക്ഷത്തെ മറ്റൊരുവിഭാഗം തൽക്കാലം സ്വന്തം അസ്തിത്വം നിലനിർത്തി പോകാനുള്ള ശ്രമത്തിലാണ്. സതീശനുമായുള്ള ഐക്യത്തിൽ വിള്ളൽവീണതോടെ കെ. സുധാകരൻ വീണ്ടും ചെന്നിത്തലയുമായി അടുത്തു. പഴയ പിണക്കങ്ങളെല്ലാം തീർത്ത് കെ. മുരളീധരനും ഇവർക്കൊപ്പമുണ്ട്. പാർട്ടിയെ കൈപ്പിടിയിലാക്കാനുള്ള വേണുഗോപാലിന്‍റെ നീക്കത്തെ ഒന്നിച്ച് എതിർക്കാനാണ് മൂവരുടെയും തീരുമാനം. അതേസമയം നേരേത്ത ചെന്നിത്തല നയിച്ചിരുന്ന വിശാല ഐ പക്ഷത്തെ നല്ലൊരുപങ്ക് നേതാക്കളെ ഒപ്പംചേർത്ത വേണുഗോപാൽ- സതീശൻ കൂട്ടുകെട്ടിലേക്ക് എ പക്ഷത്തെ വലിയൊരു നിരയും വന്നുകഴിഞ്ഞു.
ചെന്നിത്തല നയിച്ച വിശാല ഐ ഗ്രൂപ്പിൽ ഉണ്ടായിരുന്ന സുധാകരനും സതീശനും അവിടെനിന്ന് അകന്ന് വേണുഗോപാലിന്‍റെ പിന്തുണയോടെയാണ് സംസ്ഥാനത്ത് പാർട്ടിയുടെ നേതൃനിരയിലേക്ക് എത്തിയത്. എന്നാൽ, സംസ്ഥാനത്ത് പാർട്ടിയെ പൂർണമായും കൈപ്പിടിയിലാക്കാനാണ് സതീശനിലൂടെ വേണുഗോപാൽ ശ്രമിക്കുന്നതെന്ന് സംശയമുണ്ടായതോടെയാണ് അവരുമായി സുധാകരൻ അകലുകയും ചെന്നിത്തലയുമായി അടുക്കുകയും ചെയ്തത്. ഈ കൂട്ടുകെട്ടിലേക്ക് കെ. മുരളീധരനെയും എത്തിക്കാനായി. വി.ജെ. പൗലോസ്, വി.എസ്. ശിവകുമാർ, ജോസി സെബാസ്റ്റ്യൻ, എം.എം. നസീർ, പഴകുളം മധു, ഹൈബി ഈഡൻ, റോജി എം. ജോൺ തുടങ്ങിയ മുൻ ഐ പക്ഷക്കാർ സതീശൻ-വേണുഗോപാൽ ടീമിനൊപ്പവും എം. ലിജു, ഡി. സുഗതൻ, മാത്യു കുഴൽനാടൻ, ആർ. ചന്ദ്രശേഖരൻ, ജയന്ത് തുടങ്ങിയവർ സുധാകരനൊപ്പവുമാണ്.
എ പക്ഷത്തെ ബെന്നി ബഹ്നാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി. സിദ്ദിക്ക്, പാലോട് രവി, വർക്കല കഹാർ, അബ്ദുൽ മുത്തലിബ് തുടങ്ങിയവർ സതീശൻ-വേണു പക്ഷത്തോടൊപ്പം ചേർന്നുകഴിഞ്ഞു. ടി.എൻ. പ്രതാപൻ, എം.കെ. രാഘവൻ, ആന്‍റോ ആന്‍റണി എന്നിവരുടെ പിന്തുണയും അവർക്കുണ്ട്. അതേസമയം എം.എം. ഹസൻ, കെ.സി. ജോസഫ്, പി.സി. വിഷ്ണുനാഥ്, കെ. ബാബു, ഷാഫി പറമ്പിൽ തുടങ്ങിയ എ ഗ്രൂപ് നേതാക്കൾ ഈ നീക്കത്തിനൊപ്പമില്ല. അവരുടെ മാനസിക പിന്തുണ കെ.പി.സി.സി പ്രസിഡന്‍റിന് ഉണ്ടെങ്കിലും തൽക്കാലം ഉമ്മൻ ചാണ്ടിയുടെ നേതൃത്വം അംഗീകരിച്ച് സ്വന്തം ഗ്രൂപ്പിന്‍റെ അസ്തിത്വം നിലനിർത്തി മുന്നോട്ടുപോകാനാണ് നീക്കം. അവർക്കും ക്രമേണ പാർട്ടിയിലെ പുതിയ രണ്ട് ചേരികളിൽ എവിടെയെങ്കിലും നിലയുറപ്പിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.