കർദിനാളിനെതിരെ പടയൊരുക്കവുമായി വൈദികർ; തെരുവിലിറങ്ങാൻ മടിക്കില്ലെന്ന് മുന്നറിയിപ്പ്
text_fieldsകൊച്ചി: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപത ഭരണച്ചുമതലയിൽ തിരിച്ചെത്തിയ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പടയൊരുക്കവുമായി വൈദികർ. അതിരൂപതക്ക് പ്രത്യേക അഡ്മിനിസ്ട്രേറ്റിവ് ആർച് ബിഷപ്പിനെ അനുവദിക്കണമെന്ന് കൊച്ചിയിൽ ചേർന്ന വൈദികരുടെ യോഗം ആവശ്യപ്പെട്ടു. സഹായ മെത്രാന്മാരെയോ വൈദികരെയോ അൽമായരെയോ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും മുന്നറിയിപ്പ് നൽകി.
ഭൂമി ഇടപാടിലെ ക്രമക്കേടുകളുടെ പേരിൽ അതിരൂപതയുടെ ഭരണകാര്യങ്ങളിൽനിന്ന് ഒരു വർഷം മുമ്പ് മാർപാപ്പ നീക്കിയ കർദിനാളിനെ അതേ സാഹചര്യം നിലനിൽക്കെ തൽസ്ഥാനത്ത് തിരിച്ചെത്തിച്ചത് അധാർമികമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിശ്വാസികളുടെ സംശയവും ആശങ്കയും നീക്കാൻ സഭ സിനഡ് നടപടിയെടുക്കണം.
ഭൂമി ഇടപാട് സംബന്ധിച്ച ഡോ. ജോസഫ് ഇഞ്ചോടി കമീഷൻ, കെ.പി.എം.ജി എന്നിവയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തണം. സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെയും മാർ ജോസ് പുത്തൻവീട്ടിലിനെയും വിശദീകരണംപോലും ചോദിക്കാതെ ആർച് ബിഷപ് ഹൗസിൽനിന്ന് പുറത്താക്കിയത് അപലപനീയമാണ്. നിലവിലെ സങ്കീർണ സാഹചര്യം മറയാക്കി അതിരൂപതയെ വെട്ടിമുറിച്ച് മൂന്ന് രൂപതകളാക്കാനുള്ള ഗൂഢനീക്കം ചെറുക്കും. സ്ഥാവര ജംഗമ വസ്തുക്കൾ വിൽക്കാൻ അനുവദിക്കില്ല.അതിരൂപതയുടെ സാമ്പത്തിക ഇടപാടുകളിലെ കെടുകാര്യസ്ഥതയുടെ കാര്യകാരണങ്ങൾ വിശ്വാസികളെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ മാർ ആലഞ്ചേരിയുടെ കൽപനകളും സർക്കുലറുകളും ഇടയലേഖനങ്ങളും പള്ളികളിൽ വായിക്കാൻ പ്രയാസമുണ്ടെന്ന് യോഗം വ്യക്തമാക്കി.
മാർപാപ്പയെ കാര്യങ്ങൾ നേരിട്ട് ധരിപ്പിക്കാനും വൈദികർ ആലോചിക്കുന്നുണ്ട്.
കെ.സി.ബി.സി മീഡിയ കമീഷൻ സമൂഹത്തെ കബളിപ്പിക്കുന്നുവെന്ന് എ.എം.ടി
കൊച്ചി: കെ.സി.ബി.സി മീഡിയ കമീഷൻ പൊതുസമൂഹത്തെയും വിശ്വാസികളെയും കബളിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അതിരൂപതയിലെ അല്മായ കൂട്ടായ്മയായ ആര്‍ച് ഡയസിഷന്‍ മൂവ്മെൻറ് ഫോര്‍ ട്രാന്‍സ്പെരന്‍സി (എ.എം.ടി). വിശ്വാസികളുടെ പിതാവ് ആകേണ്ടിയിരുന്ന ഇടയൻ ചെന്നായയാകാൻ ശ്രമിച്ചതുകൊണ്ടാണ് മീഡിയ കമീഷൻ തെറ്റായ പരിഭാഷ ഇറക്കേണ്ടി വരുന്നത്. കർദിനാൾ ജോർജ് ആലഞ്ചേരിക്കും അദ്ദേഹത്തെ ന്യായീകരിച്ചുള്ള മീഡിയ കമീഷെൻറ വാർത്തക്കുറിപ്പുകൾക്കെതിരെയുമാണ് എ.എം.ടിയുടെ രൂക്ഷ പ്രതികരണം.
ഇറക്കുന്ന വാർത്തക്കുറിപ്പുകളെല്ലാം അബദ്ധങ്ങളാകുകയും വിശദീകരണക്കുറിപ്പുകളിറക്കുകയും ചെയ്യേണ്ട ഗതികേടിലാണ് മീഡിയ കമീഷൻ. ഇംഗ്ലീഷ് പരിജ്ഞാനത്തിെൻറ കുറവുകൊണ്ടല്ല, മറിച്ച് പരിഭാഷയിലും വ്യാഖ്യാനത്തിലും കുതന്ത്രം ഉള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. വിശ്വാസികൾ വെറും മണ്ടന്മാരാണെന്നാണ് ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതിലൂെട അവർ ധരിച്ചിരിക്കുന്നതെന്നും എ.എം.ടി പ്രസിഡൻറ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ എന്നിവർ വാർത്തക്കുറിപ്പിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.