ജീവിതം സമരം, കേസ് ആയുധം; മറ്റൊരു ചരിത്രമെഴുതി വാസുവേട്ടൻ
text_fieldsകോഴിക്കോട്: ജീവിതം സമരമാക്കിയ വാസുവേട്ടന് മറ്റൊരു പോരാട്ട വിജയം കൂടി. പെറ്റി കേസായി കണ്ട് ചെറിയ പിഴയടക്കുകയോ ജാമ്യമെടുത്ത് കേസ് നടത്തുകയോ ചെയ്യേണ്ടയിടത്ത് ജാമ്യമെടുക്കാതെ 46 ദിവസം ജയിലിൽകിടന്ന് ന്യായാസനങ്ങളിൽ തലവേദന തീർത്തായിരുന്നു എ. വാസുവെന്ന വാസുവേട്ടന്റെ ഒറ്റയാൾ പോരാട്ടം.
സംസ്ഥാനത്ത് കത്തിനിന്ന പ്രശ്നങ്ങളിൽ ഇടപെട്ട വാസുവേട്ടന്റെ സംഭവബഹുലമായ ജീവിതത്തിൽ ഉറച്ച നിലപാടുകളുടെ ഭാഗമായിവന്ന പീഡനങ്ങളുടെ മറ്റൊരു അധ്യായമാണ് ബുധനാഴ്ച പൂർത്തിയായത്. പോരാട്ടം അവസാനിക്കുന്നില്ലെന്ന് ജയിൽ മോചിതനായശേഷം അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിൽ പ്രഖ്യാപിച്ചു. വ്യവസ്ഥാപിത കമ്യൂണിസ്റ്റുകൾ തൊഴിലാളി പ്രസ്ഥാനത്തെ ഷണ്ഡീകരിച്ചതിനെപ്പറ്റി പറയുന്ന അദ്ദേഹം പാവപ്പെട്ടവർക്കായി നക്സൽ വർഗീസിന്റെ കൂടെയുള്ള ഓപറേഷനുകളിൽ കാട്ടിലലഞ്ഞയാളാണ്. ലോക്കപ്പ് മുറികളിൽ അസ്ഥികൾ മരവിപ്പിക്കുന്ന പീഡനങ്ങളിൽ രക്തം വിസർജ്യമായി ഒഴുകിയതാണ്. പലതവണ ജയിലിൽ കിടന്നു. മാവൂർ ഗ്വാളിയോർ റയോൺസ് പ്രക്ഷോഭം, ഗ്രാസിമിന്റെ പരിസ്ഥിതി മലിനീകരണത്തിനെതിരായ പ്രവർത്തനം, മുത്തങ്ങയിൽ ആദിവാസി ഭൂസമരം, നിലമ്പൂരിലെയും വയനാട്ടിലെയും നക്സലേറ്റുകൾക്കെതിരായ ഏറ്റുമുട്ടൽ വധം തുടങ്ങി നിരവധി പ്രശ്നങ്ങളിൽ ഇടപെട്ടയാൾ. അജിത, കുപ്പുദേവരാജ് എന്നിവരുടെ മൃതദേഹം കോഴിക്കോട്ടെത്തിച്ചപ്പോൾ ഗതാഗത തടസ്സമുണ്ടാക്കിയെന്ന കേസിൽ മറ്റു പ്രതികളിൽ ചിലർ കുറ്റം സമ്മതിച്ച് 200 രൂപ പിഴയടച്ച് രാജിയാവുകയും ചിലർ ജാമ്യം നേടി കേസ് നടത്തി കുറ്റവിമുക്തരാകുകയും ചെയ്തപ്പോൾ അതൊന്നുമില്ലാതെ ജയിലിൽ കിടന്ന് നടത്തിയ പോരാട്ടം അധികാരതലങ്ങളിൽ കൊള്ളേണ്ടിടത്തെല്ലാം കൊണ്ടു. പശ്ചിമഘട്ട ഏറ്റുമുട്ടൽ കൊല വീണ്ടും ജനശ്രദ്ധയിൽ കൊണ്ടുവരാൻ പൊലീസ് ആക്ഷനുകളും കൊലകളുമെല്ലാം ഏറെ കണ്ട 94കാരന്റെ പോരാട്ടം കാരണമായി.
കെ.കെ. രമ എം.എൽ.എയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അദ്ദേഹത്തെ ജയിലിൽ കാണാനെത്തി. വി.ഡി. സതീശൻ പോരാട്ടം നിയമസഭയിലും എത്തിച്ചു. എട്ട് ആളുകളെ പശ്ചിമഘട്ടത്തില് വെടിവെച്ചുകൊന്നിട്ടും അന്വേഷിക്കാതെ അതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുന്ന ഇരട്ട നീതിക്കെതിരെ വിചാരണക്ക് കൊണ്ടുവരുമ്പോഴെല്ലാം അദ്ദേഹം പ്രതികരിച്ചത് പൊലീസിനും കോടതിക്കും തലവേദനയായി. അഭിഭാഷകനില്ലാതെയായിരുന്നു അദ്ദേഹം കേസ് നേരിട്ടത്. ഒരേ കേസിൽ മറ്റു പ്രതികളിൽ ഭൂരിഭാഗത്തെയും വെറുതെ വിട്ടിട്ടും വാസു ജയിലിൽ കഴിയുന്നത് തടയാൻ വിചാരണക്കോടതിപോലും നടപടികൾ പെട്ടെന്നാക്കി. സാധാരണ നിലയിൽ ജാമ്യമെടുത്ത് കേസ് നേരിടുമ്പോഴുള്ള കാലതാമസം പ്രതിയുടെ പ്രായം കണക്കിലെടുത്ത് ഒഴിവാക്കി, 46 ദിവസം കൊണ്ട് സാക്ഷിവിസ്താരമടക്കം നടപടികൾ പെട്ടെന്ന് പൂർത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.