വായിച്ച് വളർത്തുന്നത് ലൈബ്രേറിയനില്ലാതെ
text_fieldsകോഴിക്കോട്: ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയന്മാരെ നിയമിക്കാതെ സർക്കാർ കള്ളക്കളി തുടരുന്നു. സുപ്രീംകോടതി വിധിയുടെ നിയമപോരാട്ടം തോറ്റതോടെ ഉത്തരവിറക്കിയ വിദ്യാഭ്യാസ വകുപ്പ് ഒരു മാനേജ്മെന്‍റ് സ്കൂളിൽ മാത്രമാണ് ലൈബ്രേറിയൻ തസ്തിക അനുവദിച്ചത്. 1200 ചതുരശ്ര അടിയുള്ള ലൈബ്രറി കെട്ടിടവും പതിനായിരം പുസ്തകവുമുണ്ടെങ്കിൽ മാത്രമേ സ്കൂളുകൾ അനുവദിക്കൂവെന്നാണ് കർശന നിബന്ധന. പതിനായിരം പുസ്തകങ്ങളുള്ള നാല് സ്കൂളുകൾ മാത്രമാണ് സംസ്ഥാനത്തുള്ളത്.
ഇതിൽ എറണാകുളത്തെ സ്കൂളിൽ ലൈബ്രേറിയനെ നിയമിക്കുമെന്നാണ് സർക്കാർ ഉത്തരവിറക്കിയത്. സുപ്രീംകോടതി വിധി നടപ്പാക്കി എന്ന് ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്ന് ലൈബ്രറി സയൻസ് പഠിച്ചിറങ്ങിയ ഉദ്യോഗാർഥികൾ പറഞ്ഞു. സംസ്ഥാനത്ത് പതിനായിരത്തോളം ലൈബ്രറി സയൻസ് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും ജോലിക്കായി അലയുന്നത്.
ക്ലർക്ക്, പ്യൂൺ, ലൈബ്രേറിയൻ, ഫുൾടൈ, പാർട്ട് ടൈം ജീവനക്കാരെ നിയമിക്കണമെന്ന് 2015ൽ സർക്കാർതന്നെ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെതിരെ വിവിധ സ്കൂൾ മാനേജ്മെന്‍റുകൾ നൽകിയ ഹരജിയിൽ അനുകൂല വിധിയുണ്ടായി. സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും സർക്കാറിന് തോൽവി തന്നെയായിരുന്നു ഫലം.
നിയമനം നടത്താൻ ഡിവിഷൻ ബെഞ്ചും നിർദേശിക്കുകയായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ സ്പെഷൽ ലീവ് ഹരജിയും റിവ്യൂ ഹരജിയും വരെ സമർപ്പിച്ചെങ്കിലും തള്ളിപ്പോയി. തുടർന്ന് പുതിയ വിദ്യാഭ്യാസ ചട്ടത്തിലെ നിർദേശങ്ങൾ വ്യാഖ്യാനിച്ച് കോടതി ഉത്തരവ് നടപ്പാക്കുക എന്നപേരിൽ ഒരു സ്കൂളിൽ മാത്രം ലൈബ്രേറിയൻ തസ്തിക അനുവദിക്കുകയായിരുന്നു. നാലിടത്ത് മറ്റ് തസ്തികകളും അനുവദിച്ചു.
സാമ്പത്തിക പ്രതിസന്ധിയാണ് നിയമനങ്ങൾ തടയാൻ ഏതറ്റം വരെയും സർക്കാർ പോകാൻ കാരണം. 1600ഓളം വിദ്യാലയങ്ങളിൽ ലൈബ്രേറിയൻമാരെ നിയമിച്ചാൽ വർഷത്തിൽ 70 കോടിയോളം രൂപ ശമ്പളം നൽകേണ്ടിവരും. വിദ്യാഭ്യാസ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ഖാദർ കമീഷൻ ലൈബ്രേറിയൻമാരെ നിയമിക്കേണ്ട കാര്യം എടുത്തുപറഞ്ഞിരുന്നു.
ഈ വർഷം ബാലാവകാശ കമീഷനും ഹയർസെക്കൻഡറികളിൽ ലൈബ്രേറിയന്മാരെ നിയമിക്കാൻ സർക്കാറിനോട് നിർദേശിച്ചിരുന്നു. എന്നാൽ, പതിനായിരത്തോളം തൊഴിൽരഹിതരിൽ കുറച്ചുപേർക്കെങ്കിലും ആശ്വാസമേകാൻ നടപടിയില്ല.
ലൈബ്രറി ഫീസുണ്ട്; ജീവനക്കാരില്ല
കോഴിക്കോട്: യോഗ്യരായ ജീവനക്കാരെ നിയമിക്കാതെ ലൈബ്രറിയുടെ പേരിൽ അഡ്മിഷൻ ഫീസിനത്തിൽ 25 രൂപ പിരിച്ചെടുക്കുന്നുണ്ട്. ചില ഹൈസ്കൂളുകളിൽ 300 രൂപ വരെ പിരിച്ചിരുന്നു. ഫീസ് ഈടാക്കിയിട്ടും കുട്ടികൾക്ക് കാര്യക്ഷമമായി ലൈബ്രറി സേവനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകുന്നില്ല എന്നാണ് ആക്ഷേപം.
സ്കൂൾ ലൈബ്രറികളുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ലൈബ്രേറിയൻ തസ്തിക ആവശ്യമാണ്. സി.ബി.എസ്.ഇ സ്കൂളുകളിൽ ലൈബ്രേറിയന്മാരുണ്ട്. അധ്യാപകർക്കാണ് പേരിന് ലൈബ്രറികളുടെ ചുമതല നൽകുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിനോടൊപ്പം ലൈബ്രറിയുടെ സേവനം പൂർണമായി കുട്ടികളിൽ എത്തിക്കാൻ കഴിയില്ല.
കലാ കായിക അധ്യാപകർക്ക് പകരക്കാരായി സ്കൂളിലെ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് ചുമതല നൽകാറില്ല. എല്ലാവർഷവും വായനദിനവും ഒരാഴ്ച നീളുന്ന വായനവാര പരിപാടികളും നടത്തുന്ന വിദ്യാഭ്യാസ വകുപ്പ് ലൈബ്രേറിയൻ തസ്തികയുടെ പ്രാധാന്യം മനസ്സിലാക്കാത്തത് പണം ചെലവാകുമെന്ന് ഓർത്ത് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.