സ്വർണം മോഷ്ടിച്ചതിന്റെ വൈരാഗ്യം; യുവാവിനെ ചവിട്ടിക്കൊന്നു; ആറുപേർ അറസ്റ്റിൽ
text_fieldsചെറുതുരുത്തി: സ്വർണ ലോക്കറ്റ് മോഷ്ടിച്ചതിന്റെ വൈരാഗ്യത്തിൽ ആറുപേർ ചേർന്ന് യുവാവിനെ ചവിട്ടിയും അടിച്ചും കൊന്നു. നിലമ്പൂർ വഴിക്കടവ് കുന്നുമ്മൽ വീട്ടിൽ സൈനുൽ ആബിദിനെയാണ് (39) കൊലപ്പെടുത്തിയത്.
കോയമ്പത്തൂർ, ബേപ്പൂർ എന്നിവിടങ്ങളിൽനിന്ന് പ്രതികളെ പിടികൂടി ചെറുതുരുത്തി സ്റ്റേഷനിലെത്തിച്ചു. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം പാളയം കൊട്ടുക്കര വീട്ടിൽ ഷജീർ (31), സഹോദരൻ റജീബ് (29), ചെറുതുരുത്തി പുതുശ്ശേരി ലക്ഷംവീട് കോളനി ചോമയിൽ വീട്ടിൽ സുബൈർ (34), ചെറുതുരുത്തി കല്ലഴിക്കുന്നത്ത് വീട്ടിൽ അഷ്റഫ് എന്ന അച്ചാപ്പു (26), ചെറുതുരുത്തി പള്ളത്താഴത്ത് വീട്ടിൽ അബ്ദുൽ ഷഹീർ (30), ചെറുതുരുത്തി പുതുശ്ശേരി അന്ത്യകുളം വീട്ടിൽ മുഹമ്മദ് ഷാഫി (24) എന്നിവരെയാണ് പിടികൂടിയത്.
ഇവർ കഞ്ചാവുകേസിലും മറ്റു പല കേസുകളിലും ജയിൽശിക്ഷ അനുഭവിച്ചവരാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സൈനുൽ ആബിദും നിരവധി മോഷണക്കേസുകളിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാൾ ജയിലിൽ കിടക്കുമ്പോഴാണ് ഷജീറുമായി പരിചയപ്പെട്ടത്. ജയിലിൽനിന്ന് ഇറങ്ങിയശേഷം ഷജീറിന്റെ വീട്ടിൽ വന്ന് വിലകൂടിയ സ്വർണ ലോക്കറ്റ് മോഷ്ടിച്ചെന്ന് പറയുന്നു. നിരവധി തവണ ചോദിച്ചിട്ടും നൽകാത്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
മരിച്ച സൈനുൽ ആബിദീനെ വേറെ ആളുകളെക്കൊണ്ട് ചെറുതുരുത്തി പുതുശ്ശേരി ശ്മശാനം കടവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് സംഘം ചേർന്ന് മദ്യപിച്ചു. തുടർന്ന് ചോദ്യംചെയ്യുകയും ക്രൂരമായി ചവിട്ടുകയും അടിക്കുകയും ചെയ്തു. മർദനത്തിൽ സൈനുൽ ആബിദീന്റെ വാരിയെല്ല് ഒടിഞ്ഞു. മരണം ഉറപ്പായപ്പോൾ വെള്ളത്തിലേക്ക് എടുത്തെറിയുകയായിരുന്നു. ചെറുതുരുത്തി പുതുശ്ശേരി ഭാരതപ്പുഴ ശ്മശാനം കടവിനോടു ചേർന്ന് ചൊവ്വാഴ്ച കണ്ടെത്തിയ മൃതദേഹം പിന്നീടാണ് സൈനുൽ ആബിദിന്റെതാണെന്ന് തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.