ജി.എസ്.ടി കുടിശ്ശിക; പുനലൂർ നഗരസഭക്കെതിരെ നടപടി
text_fieldsപുനലൂർ: ജി.എസ്.ടിയിൽ ലക്ഷങ്ങൾ കുടിശ്ശിക വരുത്തിയ പുനലൂർ നഗരസഭക്കെതിരെ കടുത്ത നടപടിയുമായി ജി.എസ്.ടി വകുപ്പ്. പല തവണ ആവശ്യപ്പെട്ടിട്ടും വൻതുക കുടിശ്ശിക അടക്കാത്തതിനാൽ നഗരസഭക്കെതിരെ അക്കൗണ്ട് മരവിപ്പിക്കലും റവന്യൂ റിക്കവറി നടപടികളുമായി കേന്ദ്ര ചരക്കുസേവന നികുതി വകുപ്പ് നടപടി സ്വീകരിച്ചുതുടങ്ങി.
2007-08 സാമ്പത്തിക വര്‍ഷം മുതല്‍ ജി.എസ്.ടി നിലവില്‍ വന്ന സമയം വരെയുള്ള സേവന നികുതി കുടിശ്ശിക അടക്കാത്തതാണ് നടപടിക്കിടയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭയിൽ ജി.എസ്.ടിയുടെ നടപടി നഗരഭരണം കൂടുതൽ പ്രതിസന്ധിയിലാക്കും.
എക്സൈസ് ഡ്യൂട്ടി, സേവന നികുതി, മൂല്യവർധിത നികുതി (വാറ്റ്) എന്നിങ്ങനെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന എല്ലാ പരോക്ഷ നികുതികളും ഏകീകരിച്ച ശേഷമാണ് കേന്ദ്ര ചരക്കുസേവന നികുതി നിലവില്‍ വന്നത്.
എന്നാല്‍, അതിനുമുമ്പ് നഗരസഭ വകുപ്പിന് സമര്‍പ്പിച്ച സേവന നികുതി കണക്കുകളും ഓഡിറ്റ് വിഭാഗത്തില്‍ നല്കിയ വാര്‍ഷിക സാമ്പത്തിക സ്റ്റേറ്റ്മെൻറ് (എ.എഫ്.എസ്) തമ്മിലുള്ള വലിയ വ്യത്യാസം സംബന്ധിച്ച് പരിശോധന നടത്തിയ ശേഷമാണ് കൊച്ചിയില്‍ പ്രവർത്തിക്കുന്ന കേന്ദ്ര ചരക്കുസേവന നികുതി വകുപ്പ് ഓഫിസ് നഗരസഭക്കെതിരെ ലക്ഷങ്ങള്‍ പിഴ ചുമത്തിയത്.
ഇത് സംബന്ധിച്ച് വകുപ്പില്‍ അപ്പീൽ നല്കാന് കൗണ്‍സില്‍ പല സമയത്തും തീരുമാനമെടുത്തെങ്കിലും സമയബന്ധിതമായി അപ്പീലുകള്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതിനാല്‍ നല്കിയവ നിരസിച്ച് വകുപ്പ് ഉത്തരവിട്ടു. ബംഗളൂരു ആസ്ഥാനമായുള്ള അപ്പലേറ്റ് ട്രൈബ്യൂണല്‍ മുമ്പാകെ അപ്പീല്‍ നല്‍കാനുള്ള കൗണ്‍സില്‍ തീരുമാനം നല്‍കിയെങ്കിലും അതും നടന്നില്ല.
വിഷയം കൈകാര്യം ചെയ്യുന്ന നഗരസഭയിലെ ഉദ്യോഗസ്ഥന് മരിച്ചതോടെ ഭരണസമിതിയും ജീവനക്കാരും പിന്നീട് ഇക്കാര്യം ശ്രദ്ധിച്ചില്ല. ഇതിനിടെയാണ് 65 ലക്ഷത്തിലധികം രൂപ ഉടന്‍ അടക്കണമെന്ന് നഗരസഭക്ക് അന്ത്യശാസനം ലഭിച്ചത്. അധികൃതർ ഇക്കാര്യം രഹസ്യമാക്കിയെങ്കിലും മറ്റ് യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല.
ജി.എസ്.ടി വകുപ്പ് ഇതിനിടെ, നഗരസഭയുടെ അക്കൗണ്ട് മരവിപ്പിക്കുകയും റവന്യൂ റിക്കവറി ആരംഭിക്കുകയും ചെയ്തു. ശമ്പളം നല്കാന് പോലും ബുദ്ധിമുട്ടുന്ന നഗരസഭ അക്കൗണ്ട് മരവിപ്പിക്കുക കൂടി ചെയ്തതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുമെന്നുറപ്പാണ്.
2008 മുതലുള്ള പ്രശ്നമാണെന്നും ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായും ചെയർപേഴ്സൺ കെ. പുഷ്പലത പറഞ്ഞു. നഗരസഭയുടെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്നും ജി.എസ്.ടി വകുപ്പ് കുടിശ്ശിക ഈടാക്കിവരുന്നുണ്ട്.
ജി.എസ്.ടിയുടെ മറ്റു നടപടികൾ സംബന്ധിച്ച് അന്വേഷിക്കാൻ നഗരസഭയിലെ ബന്ധപ്പെട്ട ജീവനക്കാരെ ചുമതലപ്പെടുത്തി. ഇവർ പുനലൂർ ജി.എസ്.ടി ഓഫിസിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഇതിനുശേഷം ഫലപ്രദമായ മറ്റു നടപടികൾ സ്വീകരിക്കുമെന്നും ഇവർ പറഞ്ഞു.
നഗരസഭ അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മ’
പുനലൂർ: നഗരസഭ അധികൃതരുടെ നിരുത്തരവാദപരമായ പ്രവർത്തന ഫലമാണ് ജി.എസ്.ടി നടപടിയെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ് ആരോപിച്ചു. ഭരണസമിതിയുടെ വീഴ്ചയും സമയബന്ധിതമായി ജോലികള്‍ ചെയ്യാത്ത ചില ജീവനക്കാരും പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഇതുമൂലം നഗരത്തിന് ലക്ഷങ്ങൾ നഷ്ടം വരുന്നു. കൗണ്‍സില്‍ തീരുമാനങ്ങള്‍ പോലും നടപ്പാക്കാന്‍ കഴിയാത്ത അധികൃതരെ തിരിച്ചറിഞ്ഞ് ജനം പ്രതികരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.