ജി.എസ്.ടി കുടിശ്ശിക: 35,298 കോടി നൽകി കേന്ദ്രം
text_fieldsന്യൂഡൽഹി: ചരക്കുസേവന നികുതി (ജി.എസ്.ടി)യിൽ സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാര കുടിശ്ശിക 35,298 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഡിസംബർ 18ന് നിർണായക ജി.എസ്.ടി കൗൺസിൽ യോഗം ചേരാനിരിക്കെയാണ് വിവിധ സംസ്ഥാനങ്ങൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന കുടിശ്ശിക അനുവദിച്ചത്.
കേരളത്തിന് 3200 കോടിയോളം രൂപയാണ് കുടിശ്ശികയുള്ളത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ നഷ്ടപരിഹാര തുക തടഞ്ഞുവെക്കുന്നതിനെതിരെ കേരളം, പശ്ചിമബംഗാൾ, പഞ്ചാബ് തുടങ്ങി പ്രതിപക്ഷ സംസ്ഥാനങ്ങൾ പലവട്ടം കേന്ദ്രത്തെ സമീപിച്ചിരുന്നു. കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോർഡ് (സി.ബി.ഐ.സി) ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
കുടിശ്ശിക വിതരണം ചെയ്യാത്തതുകാരണം പല വികസന പ്രവർത്തനങ്ങളും മുടങ്ങിക്കിടക്കുന്നതായും വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചിരുന്നു. അതേസമയം, കേന്ദ്രം വാഗ്ദാനത്തിൽനിന്ന് പിന്നോട്ടുപോവുകയല്ലെന്നും പലവിധ കാരണങ്ങളാലാണ് ഇത് വൈകിയതെന്നുമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമെൻറ വാദം.
‘‘ഇത് സംസ്ഥാനങ്ങളുടെയോ എെൻറ വ്യക്തിപരമായതോ ആയ പിഴവു കാരണം സംഭവിച്ചതല്ല. പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ് ജി.എസ്.ടി വരവ്’’ -ധനമന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭങ്ങളും ഉപഭോഗത്തിലെ കുറവും കാരണം ജി.എസ്.ടി ഫയലിങ്ങിൽ ഇടിവുണ്ടായെന്നും മന്ത്രി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.