ജി.എസ്.ടി 12 ശതമാനം; തുണിയിലും കയറിപ്പിടിക്കുന്ന കൊള്ള
text_fieldsകോട്ടയം: വ്യാപാരികളുടെ പ്രതിഷേധങ്ങൾക്കിടെ ജി.എസ്.ടി നിരക്ക് ജനുവരി ഒന്നുമുതൽ 12 ശതമാനം ആയി വർധിക്കും. ഇതോടെ നിത്യോപയോഗ വസ്ത്രങ്ങൾക്ക് വില കൂടും. സെപ്റ്റംബറിലാണ് നിരക്ക് വർധിപ്പിക്കാൻ ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചത്. നിലവിൽ തുണിത്തരങ്ങൾക്ക് അഞ്ചുശതമാനം നികുതിയാണ് ഈടാക്കുന്നത്. 1000 രൂപയുടെ മുകളിലുള്ള റെഡിമെയ്ഡ് തുണിത്തരങ്ങൾക്ക് 12 ശതമാനവും. പുതിയ തീരുമാനപ്രകാരം ഇനി അഞ്ചുശതമാനം നികുതി ഇല്ല. എല്ലാ തുണിത്തരങ്ങൾക്കും 12 ശതമാനം തന്നെ ജി.എസ്.ടി നൽകണം.
നേരത്തേ വാറ്റ് ഉണ്ടായിരുന്ന സമയത്ത് മൂന്നുശതമാനം നികുതിയാണ് നൽകിയിരുന്നത്. 2017ൽ ജി.എസ്.ടി വന്നതോടെ അഞ്ചുശതമാനമായി. ഇപ്പോൾ 140 ശതമാനത്തിലധികം വർധനയാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നതെന്ന് വസ്ത്ര വ്യാപാരികൾ പറയുന്നു. മാത്രമല്ല, നിലവിലെ സ്റ്റോക്ക് അഞ്ചുശതമാനം ജി.എസ്.ടിയിലാണ് വിൽക്കുന്നത്.
ഈ സ്റ്റോക്ക് ജനുവരി ഒന്നുമുതൽ എം.ആർ.പി വിലയിൽ തന്നെയേ ഉപഭോക്താക്കൾക്ക് വിൽക്കാനാകൂ. എന്നാൽ, 12 ശതമാനം നികുതി നൽകുകയും വേണം. ഇത് തങ്ങൾക്ക് വൻനഷ്ടമാണ് ഉണ്ടാക്കുകയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
തോർത്ത്, കൈലി, അടിവസ്ത്രങ്ങൾ, നൈറ്റി തുടങ്ങിയ നിത്യോപയോഗ വസ്ത്രങ്ങൾക്ക് വില കൂടും. ഇന്ധന- പാചകവാതക വിലക്കയറ്റത്തിന് പുറമെ വസ്ത്രങ്ങൾക്ക് കൂടി വില ഉയരുന്നതോടെ ജനജീവിതത്തെ ബാധിക്കും.
രണ്ടുവർഷമായി വ്യാപാര മാന്ദ്യത്തിൽ ഉഴലുന്ന ചെറുകിട കച്ചവടക്കാർ പൂർണമായി തകർച്ചയിലേക്ക് തള്ളപ്പെടും. ജി.എസ്.ടി യുടെ സങ്കീർണതകൾ അറിയാത്ത താഴെ തട്ടിൽ ഉള്ളവരുടെ ജീവിതമാർഗം അടയും. ഊർധശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കൈത്തറി മേഖല പൂർണമായി ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. കൈത്തറി വസ്ത്രങ്ങൾക്ക് വില കൂടാനിടയാക്കുന്നതാണ് പുതിയ നികുതിഘടന. നികുതിയില്ലാത്ത പട്ടികയിലുണ്ടായിരുന്ന കൈ നൂലിന് അഞ്ച് ശതമാനം നികുതി ചുമത്തും. പവർലൂമിൽ ഉപയോഗിക്കുന്ന കോൺ നൂലിനും ഇതേ നികുതി നിരക്കുതന്നെ. നികുതി വർധന നടപ്പാക്കരുതെന്നാണ് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷെൻറ ആവശ്യം. ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ജി.എസ്.ടി കേന്ദ്രങ്ങളിലേക്ക് മാർച്ച്
കോട്ടയം: നികുതി വർധനക്കെതിരെ കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോ. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായി ജി.എസ്.ടി ജില്ല കേന്ദ്രങ്ങളിലേക്ക് ചൊവ്വാഴ്ച മാർച്ചും ധർണയും നടത്തും. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് തോമസ് മുണ്ടക്കൽ, എം.ബി. അമീൻഷാ, പി.ബി ഗിരീഷ് എന്നിവർ പങ്കെടുത്തു.
'സർക്കാർ പിന്മാറണം'
(നിയാസ് വെള്ളൂപ്പറമ്പിൽ, ജില്ല ജനറൽ സെക്രട്ടറി, കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോ.)
കോവിഡിനുശേഷം വ്യാപാരമേഖല വ്യാപാര നഷ്ടവും സാമ്പത്തിക തകർച്ചയും നേരിടുന്ന അവസരത്തിൽ സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ച് വ്യാപാരരംഗത്തെ സഹായിക്കുന്നതിനുപകരം അധിക നികുതി ഏർപ്പെടുത്തി ദ്രോഹിക്കുന്നതിൽനിന്ന് കേന്ദ്രസർക്കാറും ജി.എസ്.ടി കൗൺസിലും പിന്മാറണം. വ്യാപാരമേഖലയിൽ ചുരുക്കം ആളുകൾ മാത്രമേ സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ളൂ. ഭൂരിഭാഗം വ്യാപാരികളും സാധാരണക്കാരാണ്. നികുതി വർധന കൂടുതൽ പേരെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.