ശ്രീപത്മനാഭ സ്വാമിക്ഷേത്രം 1.57 കോടി നികുതി അടയ്ക്കണമെന്ന് ജി.എസ്.ടി വകുപ്പ്
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ഏഴു വർഷത്തെ നികുതി കുടിശ്ശികയായ 1.57 കോടി രൂപ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അടയ്ക്കണമെന്ന് നോട്ടീസ് നൽകി കേന്ദ്ര ജി.എസ്.ടി വകുപ്പ്. തുക സമിതി അടച്ചില്ലെങ്കിൽ 100 ശതമാനം പിഴയും 18 ശതമാനം പിഴപ്പലിശയും ഒടുക്കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ലഭിക്കേണ്ട 77 ലക്ഷം രൂപ ജി.എസ്.ടി വിഹിതവും മൂന്നു ലക്ഷം പ്രളയ സെസും ചേർന്നതാണ് തുക. ഫെബ്രുവരിയിൽ ക്ഷേത്രത്തിന്റെ ഭരണനിർവഹണ ഓഫിസിൽ കേന്ദ്ര ജി.എസ്.ടി ഇന്റലിജൻസ് അധികൃതർ പരിശോധന നടത്തിയിരുന്നു. പല സേവനങ്ങൾക്കും നിയമാനുസൃതം നൽകേണ്ട നികുതി നൽകുന്നില്ലെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
ക്ഷേത്രത്തിൽ വാടകയിനത്തിൽ ലഭിക്കുന്ന വരുമാനങ്ങൾ, ഭക്തർക്ക് വസ്ത്രം ധരിക്കാനടക്കം നൽകുന്നതിലൂടെ കിട്ടുന്ന വരുമാനം, ചിത്രങ്ങൾ വിറ്റുകിട്ടുന്ന പണം, എഴുന്നള്ളിപ്പ് ആനയെ വാടകക്ക് നൽകി കിട്ടുന്ന വരുമാനം ഇവയുടെയൊന്നും ജി.എസ്.ടി ഭരണസമിതി നൽകുന്നില്ലെന്ന് കണ്ടെത്തി. 2017 മുതലുള്ള കണക്കുകൾ പരിശോധിച്ചതിൽനിന്നാണ് ഇത്രയും തുക കുടിശ്ശിക കണ്ടെത്തിയത്. ഈ കാലയളവിൽ നികുതി ചുമത്താവുന്ന വരുമാനമായി അധികൃതർ വെളിപ്പെടുത്തിയത് 16 ലക്ഷം രൂപ മാത്രമാണ്. മൂന്നു ലക്ഷത്തോളം രൂപ ഇതിൽ ജി.എസ്.ടി അടച്ചിട്ടുണ്ട്.
പാഞ്ചജന്യം കല്യാണ മണ്ഡപത്തിന്റെയും ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള കടമുറികളുടെയും വാടകയുടെ ഒരു ഭാഗം മാത്രമാണ് നികുതി ചുമത്താവുന്ന വരുമാനമായി അധികൃതർ വെളിപ്പെടുത്തിയത്. പ്രത്യക്ഷത്തിൽ നികുതി ഈടാക്കേണ്ടതെന്ന് അറിയുന്ന സേവനങ്ങൾക്കു പോലും നികുതി അടയ്ക്കാത്ത ഗൗരവമായ വീഴ്ചയായാണ് വകുപ്പിന്റെ കണ്ടെത്തൽ. വിശദീകരണം തേടിയപ്പോൾ ക്ഷേത്രം നൽകുന്ന സേവനങ്ങൾക്ക് വാണിജ്യ താൽപര്യമില്ലെന്നും അതിനാൽ നികുതി അടയ്ക്കേണ്ടതില്ലെന്നുമാണ് അധികൃതർ കേന്ദ്ര ജി.എസ്.ടി വകുപ്പിന് നൽകിയ വിശദീകരണം.
പത്മനാഭസ്വാമി ക്ഷേത്രത്തിനെ ആദായനികുതി നൽകുന്നതിൽനിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയെന്നും വിശദീകരണത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ജി.എസ്.ടി നിയമം അനുസരിച്ച് സ്വയം നികുതി കണക്കുകൂട്ടി അടയ്ക്കുകയാണ് വേണ്ടതെന്നും നിയമത്തെപ്പറ്റിയുള്ള അജ്ഞത നിയമം പാലിക്കാതിരിക്കാനുള്ള കാരണമല്ലെന്നും ചൂണ്ടിക്കാട്ടി ഈ വിശദീകരണം തള്ളിയ ശേഷമാണ് കുടിശ്ശികയും പിഴയും ചുമത്തി 1.57 കോടി രൂപ നികുതിയടയ്ക്കാൻ നോട്ടീസ് നൽകിയത്. നോട്ടീസിൽ കൃത്യമായി വിശദീകരണം നൽകുമെന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.