'അമ്മ'ക്കെതിരെ അന്വേഷണവുമായി ജി.എസ്.ടി വകുപ്പ്; ഇടവേള ബാബുവിന്‍റെ മൊഴിയെടുത്തു
text_fieldsകോഴിക്കോട്: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'ക്കെതിരെ അന്വേഷണവുമായി ചരക്കുസേവന നികുതി (ജി.എസ്.ടി) വകുപ്പ്. സംഘടന ക്ലബാണെന്നായിരുന്നു ജനറൽ സെക്രട്ടറി ഇടവേള ബാബു നേരത്തേ അറിയിച്ചത്. തുടർന്നുള്ള പരിശോധനയിൽ സംഘടനക്ക് ജി.എസ്.ടി രജിസ്ട്രേഷനില്ലെന്ന് വ്യക്തമായി. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇടവേള ബാബുവിനെ വെള്ളിയാഴ്ച കോഴിക്കോട് ജവഹർനഗറിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.
കേരളത്തിലും വിദേശ രാജ്യങ്ങളിലും സംഘടിപ്പിച്ച വിവിധ മെഗാ ഷോകൾക്കുൾപ്പെടെ നികുതി അടച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും ചോദിച്ചത്. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് 'അമ്മ' ഷോകൾ സംഘടിപ്പിക്കുന്നത് എന്നതിനാൽ വൻ നികുതി അടക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചില രേഖകൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
'അമ്മ'യുടെ വരവുചെലവ് കണക്കുകളെക്കുറിച്ചാണ് ചോദിച്ചതെന്ന് ഇടവേള ബാബു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റേറ്റ് ജി.എസ്.ടി ഐ.ബി ഇന്‍റലിജൻസ് ഓഫിസർ ദിനേശിന്‍റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മറ്റു ഭാരവാഹികളുടെ മൊഴിയും ഇനി രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.