വരാനിരിക്കുന്നത് അവശ്യവസ്തു ക്ഷാമമെന്ന് വ്യാപാരികൾ
text_fieldsകൊച്ചി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവിൽ വന്ന് ഒരാഴ്ച തികയുേമ്പാഴും വിപണിയിൽ അനിശ്ചിതത്വത്തിന് അയവില്ല. വിതരണരംഗവും ചില്ലറ വിൽപനമേഖലയും താളം തെറ്റിയ അവസ്ഥയിലാണ്. വിതരണരംഗത്തെ പ്രതിസന്ധി വരും ദിവസങ്ങളിൽ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമത്തിന് വഴിയൊരുക്കുമെന്ന് വ്യാപാരികൾ പറയുന്നു.
നിലവിലെ സ്റ്റോക്ക് വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സോഫ്റ്റ്വെയർ നവീകരണം പൂർത്തിയാകാത്തതുമാണ് വ്യാപാരികൾ നേരിടുന്ന പ്രധാന വെല്ലുവിളി. ചരക്കെത്താത്തതും വിപണിയിൽ മുരടിപ്പ് സൃഷ്ടിച്ചു. സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങളിൽ ജൂലൈ ഒന്നിനുമുമ്പ് വാങ്ങിവെച്ച കോടിക്കണക്കിന് രൂപയുടെ ഉൽപന്നങ്ങൾ സ്റ്റോക്കുണ്ട്. ഇവയിൽ പലതിെൻറയും നികുതി ജി.എസ്.ടി വന്നതോടെ ഇരട്ടിയോളമായി. 14.5 ശതമാനം നികുതിയുണ്ടായിരുന്ന ഗൃഹോപകരണങ്ങൾക്ക് ജി.എസ്.ടിയിൽ 28 ശതമാനമാണ്.
പരമാവധി ചില്ലറ വിൽപന വില (എം.ആർ.പി) രേഖപ്പെടുത്തിയിട്ടുള്ള ഇവ വില കൂട്ടി വിൽക്കാനുമാവില്ല. വ്യത്യാസം വരുന്ന 13.5 ശതമാനം നികുതി കൈയിൽനിന്ന് നൽകേണ്ടിവരുന്നത് വൻ സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്ന് വ്യാപാരികൾ പറയുന്നു. അധിക നികുതിയുടെ നിശ്ചിത ശതമാനം നികത്താൻ സംവിധാനമുണ്ടാകുമെന്ന് ജി.എസ്.ടി കൗൺസിലിെൻറ പ്രഖ്യാപനമുണ്ടായെങ്കിലും മാർഗരേഖ തയാറാകാത്തതിനാൽ നടപടിയായിട്ടില്ല. സ്റ്റോക്ക് വിറ്റഴിക്കാതെ പുതിയ ഉൽപന്നങ്ങൾ എടുക്കാൻ വ്യാപാരികൾ തയാറാകാത്തതിനാൽ ജി.എസ്.ടിയുടെ പേരിലുള്ള വിലക്കുറവിന് ഉപഭോക്താക്കൾ ഇനിയും കാത്തിരിക്കേണ്ടിവരും. സോഫ്റ്റ്വെയർ നവീകരണം പൂർത്തിയാകാത്തതിനാൽ പല കമ്പനിയും വിതരണം നിർത്തിവെച്ചിരിക്കുകയാണ്. ആഗോളതലത്തിലുള്ള എച്ച്.എസ്.എൻ കോഡ് അടിസ്ഥാനമാക്കിയാണ് നികുതിഘടന നിശ്ചയിച്ചത്. നികുതി മാറിയതനുസരിച്ച് ഒാരോ ഉൽപന്നത്തിെൻറയും എച്ച്.എസ്.എൻ കോഡിലും മാറ്റം വരുത്തുക എന്ന ശ്രമകരമായ ജോലി മിക്ക വ്യാപാരസ്ഥാപനത്തിലും എങ്ങുമെത്തിയിട്ടില്ല. ജി.എസ്.ടിക്ക് അനുസൃതമായി കോഡ് മാറ്റിയില്ലെങ്കിൽ നികുതി ഇൗടാക്കുന്നതിൽ പിഴവുണ്ടാകും. പതിനായിരക്കണക്കിന് ഉൽപന്നങ്ങളുടെ കോഡ് ക്രമീകരിക്കുന്ന പ്രക്രിയ പൂർത്തിയാകാൻ ആഴ്ചകളെടുക്കുമെന്ന് കേരള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാൻ ആൻറണി തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.