ഭക്ഷ്യവസ്തുക്കൾക്ക് ജി.എസ്.ടി ഇളവ്: സർക്കാർ വാഗ്ദാനം നടപ്പായില്ല
text_fieldsതിരുവനന്തപുരം: അരിയടക്കം ഭക്ഷ്യവസ്തുക്കൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയതിൽ അടിമുടി ആശയക്കുഴപ്പം. സംസ്ഥാനത്ത് ഇത് നടപ്പാക്കില്ലെന്നായിരുന്നു സർക്കാറിന്‍റെ ആദ്യ പ്രഖ്യാപനം. ചെറുകിടക്കാർ പൊതിഞ്ഞ് വിൽക്കുന്നവക്കും സപ്ലൈകോ അടക്കമുള്ളവയിലും നടപ്പാക്കില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിച്ചു. എന്നാൽ അരി അടക്കം ഭക്ഷ്യവസ്തുക്കൾക്ക് ജി.എസ്.ടി പൂർണമായി ഒഴിവാക്കിയിട്ടില്ല. സപ്ലൈകോയിലെ ജി.എസ്.ടി ഇല്ലാത്ത ബിൽ ധനമന്ത്രി വാർത്തസമ്മേളനത്തിൽ കാണിച്ചെങ്കിലും ഇപ്പോഴും ഈടാക്കുന്നതായാണ് പരാതി.
സബ്സിഡിയുള്ള 13 ഇനം സാധനങ്ങൾക്കാണ് ഇളവെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു. ബാക്കിയുള്ളതിന് ജി.എസ്.ടി തീരുമാനം വേണമെന്നാണ് നിലപാട്. സപ്ലൈകോയിൽ അരിയും മറ്റും തത്സമയം തൂക്കി വിൽപന നടത്തുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിലൂടെ ജി.എസ്.ടി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. വലിയ ഡ്രമ്മുകളിൽ അരിയും മറ്റും നിറച്ച് വിൽക്കുന്നതും പരിഗണനയിലുണ്ട്. ബ്രാന്‍റഡ് ഉൽപന്നങ്ങൾക്ക് ജി.എസ്.ടി ഉണ്ടാകുമെന്ന് സർക്കാർ നേരേത്ത വ്യക്തമാക്കിയിരുന്നു.
ഒന്നരക്കോടി വരെ വിറ്റുവരവുള്ളവരും ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കാത്ത ചെറുകിടക്കാരും നടത്തുന്ന കടകളിൽ ജി.എസ്.ടി ഇല്ലെന്നാണ് സർക്കാർ വിശദീകരണം. നികുതി വാങ്ങിയാൽ പരാതി നൽകാമെന്നും നടപടി എടുക്കുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ നിലപാടിനോട് വ്യാപാരികൾ വിയോജിക്കുകയാണ്.
നികുതി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിട്ടില്ല. പ്രഖ്യാപനം നടത്തിയതുകൊണ്ട് ജി.എസ്.ടി കൗൺസിൽ തീരുമാന പ്രകാരമുള്ള നികുതി ഒഴിവാകില്ലെന്നും അവർ പറയുന്നു. വ്യാപാരി ദ്രോഹ-ജനദ്രോഹ തീരുമാനങ്ങൾക്കെതിരെ അടുത്ത ജി.എസ്.ടി കൗൺസിൽ യോഗം നടക്കുന്ന തമിഴ്നാട്ടിലെ മധുരയിൽ വ്യാപാരികളുടെ പ്രതിഷേധം സംഘടിപ്പിക്കാൻ ഭോപാലിൽ ചേർന്ന കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ ഗവേണിങ് കൗൺസിൽ തീരുമാനിച്ചു. വ്യാപാരികളുടെ പ്രതികരണശേഷി അളക്കുന്ന നിലപാടാണ് ജി.എസ്.ടി കൗൺസിലിന്റേതെന്ന് ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.