ജി.എസ്.ടി: പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ലെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കിയ കാലത്ത് പ്രതീക്ഷിച്ച പോലുള്ള നികുതി വരുമാനം സംസ്ഥാനത്തിനുണ്ടായില്ല എന്നത് സത്യമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജി.എസ്.ടിയിൽ തുടക്കത്തിൽ വിഭാവനം ചെയ്തിരുന്ന ഒാൺലൈൻ റിട്ടേൺ സംവിധാനം പൂർണമായി നടപ്പാക്കാൻ കഴിയാതെ വന്നത് വരുമാനം പ്രതീക്ഷിച്ച തോതിൽ വർധിക്കാത്തതിന് കാരണമായതായി ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്കെത്തുന്ന ചരക്കുകളുടെ കണക്ക് സോഫ്റ്റ്വെയർ വഴിയാണ് ലഭിക്കേണ്ടത്. എന്നാൽ, എല്ലാ കണക്കും സോഫ്റ്റ്വെയർ വഴി കിട്ടുന്നില്ല. ഇവിടെനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് സാധനങ്ങളയച്ചെന്ന പേരിൽ വ്യാജബിൽ ഉണ്ടാക്കി നികുതി ഈടാക്കുന്ന സ്ഥിതിയുമുണ്ട്.
ആറു ലക്ഷം കോടിയുടെ സ്വർണമാണ് ഇന്ത്യയിൽ ഔദ്യോഗികമായി പ്രതിവർഷം ഇറക്കുമതി ചെയ്യുന്നത്. ഇതിൽ 1.5 ലക്ഷം കോടിയുടെ സ്വർണം കേരളത്തിലേക്കുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ലക്ഷം കോടിയിൽ താഴെയുള്ള സ്വർണത്തിന്റെ കണക്കേ രേഖയിൽ കാണുന്നുള്ളൂ. സ്വർണം മാത്രമല്ല, എല്ലാ സാധനങ്ങളുടെ വ്യാപാരത്തിലും ഈ സ്ഥിതിയുണ്ട്. ഇതു തടയാൻ വണ്ടി തടഞ്ഞുനിർത്തി പരിശോധിക്കൽ മാത്രമല്ല, എറ്റവും ആധുനികമായ രീതിയിൽ പരിശോധിക്കാനും സൗകര്യം ഒരുക്കുന്നുണ്ട്.
കേരളത്തിലേക്കുള്ള സാധനങ്ങളുടെ വരവ് കൂടിയിട്ടും നികുതി വരുമാനം വർധിക്കാത്തത് എന്തുകൊണ്ടെന്നു പഠിക്കാൻ സി.ഡി.എസിനെയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെയും ചുമതലപ്പെടുത്തിയതായും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പുറത്തേക്ക് പോകുന്ന ഉൽപന്നങ്ങൾ ഇരട്ടി അകത്തേക്ക് വരുന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.