ജി.എസ്.ടി: വ്യാപാരികൾ അമിതലാഭം കൊയ്യുന്നതിനെതിരെ നടപടി വേണം -ധനമന്ത്രി
text_fieldsകോഴിക്കോട്: ജി.എസ്.ടി നടപ്പിലായതിനെ തുടര്‍ന്ന് വ്യാപാരമേഖലയില്‍ നിലനില്‍ക്കുന്ന അമിതലാഭ പ്രവണതയെ ചെറുക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ഐസക് കത്തയച്ചു. ജി.എസ്.ടി വന്നപ്പോൾ മഹാഭൂരിപക്ഷം ഉൽപന്നങ്ങളുടെയും നികുതി നിരക്കു കുറഞ്ഞെങ്കിലും അതിന്‍റെ ആനുകൂല്യം ജനങ്ങൾക്കു ലഭിക്കുന്നില്ല. പഴയ നികുതി അടക്കമുള്ള വിലകളിന്‍മേല്‍ അധിക ജി.എസ്.ടി ഈടാക്കി ലാഭം കൊയ്യുകയാണ് വ്യാപാരികളിൽ പലരും. ഹോട്ടലുകളും റെസ്റ്റോറന്‍റുകളുമാണ് ഇത്തരത്തില്‍ അമിതവില ഈടാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഇത് വിലക്കയറ്റത്തിന് വഴിവെക്കുകയാണ്.
അമിതലാഭ പ്രവണതകള്‍ക്കെതിരായിട്ടുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിനും ജി.എസ്.ടിക്ക് മുമ്പും പിന്നീടും വിവിധ ഉല്‍പന്നങ്ങളുടെ നികുതി ഘടകം ആധികാരികമായി പ്രസിദ്ധീകരിക്കുകയും സംസ്ഥാനങ്ങളുമായി പങ്കുവെക്കുകയും ചെയ്യണമെന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കാര്യം കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽ വീണ്ടും പെടുത്തിയിട്ടുണ്ട്.
ഇത്തരമൊരു മാട്രിക്‌സ് അടിയന്തിരമായി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യം ആവർത്തിക്കുന്നു. ജി.എസ്.ടി നിയമത്തിലെ അമിതലാഭ വിരുധ വ്യവസ്ഥകള്‍ പ്രകാരം രൂപീകരിക്കേണ്ട ദേശീയ തലത്തിലുള്ള ആന്‍റി പ്രോഫിറ്ററിങ് അതോറിറ്റിയും സംസ്ഥാന തലത്തിലെ സ്‌ക്രീനിങ് കമ്മിറ്റികളും അടിയന്തിരമായി രൂപീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടതായി ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.