ജി.എസ്.ടി: ഭക്ഷ്യവസ്തുക്കൾക്ക് വിപണിയിൽ ക്ഷാമം തുടങ്ങി
text_fieldsകൊച്ചി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട അവ്യക്തതകൾ നിലനിൽക്കെ വിപണിയിൽ ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ജി.എസ്.ടി നിലവിൽവന്ന് ഒരുമാസത്തോളമായിരിക്കെ പുതിയ നികുതിഘടനയിലേക്കുള്ള വിപണിയുടെ മാറ്റം പൂർണമാകാത്തതാണ് ഉൽപന്നക്ഷാമത്തിന് കാരണം. സിമൻറ്, ജീവൻരക്ഷാ ഒൗഷധങ്ങൾ, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ എന്നിവക്കും ക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്.
ജി.എസ്.ടി സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നതുമൂലം ചരക്കെടുക്കാൻ വിതരണക്കാരും വ്യാപാരികളും തയാറാകുന്നില്ല. വ്യാപാരികളുടെ സംശയങ്ങൾ ദൂരീകരിക്കാൻ പൊതുസംവിധാനം ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കേരള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാൻ ആൻറണി കൊട്ടാരം പറഞ്ഞു. ജൂൺ പകുതി മുതൽതന്നെ പല വ്യാപാരികളും പുതുതായി സാധനങ്ങൾ എടുക്കുന്നത് നിർത്തിയിരുന്നു. ഉണ്ടായിരുന്ന സ്റ്റോക്കും തീർന്നതോടെയാണ് ചില ഉൽപന്നങ്ങൾ കിട്ടാനില്ലാത്ത അവസ്ഥ ഉടലെടുത്തത്. ബിസ്കറ്റുകൾ, കുട്ടികൾക്കുള്ള ആഹാരപദാർഥങ്ങൾ, ചില പ്രമുഖ ബ്രാൻഡുകളുടെ തേയിലകൾ, പുറത്തുനിന്നുവരുന്ന പലചരക്ക് ഉൽപന്നങ്ങൾ, നിർമാണ സാമഗ്രികൾ എന്നിവക്കാണ് ക്ഷാമമുള്ളത്. മരുന്നിെൻറയും സിമൻറിെൻറയും നികുതിഘടന പൂർണമായി മാറിയത് ഇവയുടെ സുഗമമായ വിൽപനക്ക് തിരിച്ചടിയായി. ആദ്യ വിൽപന പോയൻറിൽ മാത്രം നികുതി ഇൗടാക്കിയിരുന്ന മരുന്നുകൾക്ക് ജി.എസ്.ടിയുടെ വരവ് ഗുരുതരമായി ബാധിച്ചെന്ന് വ്യാപാരികൾ പറയുന്നു.
വാളയാർ വഴിയുള്ള ചരക്ക് വരവ് മൂന്നിലൊന്നായി കുറഞ്ഞു. ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങളുടെ സോഫ്റ്റ്വെയറുകൾ പുതിയ നികുതിഘടനക്ക് അനുസൃതമായി ഒരേസമയം നവീകരിക്കേണ്ടിവന്നത് ജി.എസ്.ടിയിലേക്കുള്ള മാറ്റത്തിന് കാലതാമസം സൃഷ്ടിച്ചു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം ഉൽപന്നങ്ങൾക്ക് വ്യാപാരികൾ ഒരുമിച്ച് ഒാർഡർ നൽകിയപ്പോൾ ആവശ്യമായ വാഹനങ്ങൾ ലഭിക്കാതെവന്നതും ചരക്ക് എത്തുന്നതിന് തടസ്സമായി. വരും ദിവസങ്ങളിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് ദൗർലഭ്യം നേരിടുമെന്നാണ് വ്യാപാരികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.