ചരക്ക് കടത്തിൽ വൻ നികുതി വെട്ടിപ്പ്
text_fieldsകൊച്ചി: ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ചരക്ക് കടത്തിെൻറ മറവിൽ വൻ നികുതി വെട്ടിപ്പ്. ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവിൽ വന്നതോടെ ചെക്പോസ്റ്റുകൾ ഇല്ലാതായതും വാഹന പരിശോധന നാമമാത്രമായതും മുതലെടുത്താണ് നികുതി വരുമാനത്തിൽ സർക്കാറിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന വെട്ടിപ്പ്. മുൻ വർഷങ്ങളിൽ നികുതിവെട്ടിപ്പിന് ഇൗടാക്കിയിരുന്ന പിഴയിനത്തിലുള്ള വരുമാനത്തിൽ ജി.എസ്.ടി വന്ന ശേഷം ഗണ്യമായി ഇടിവുണ്ടായെങ്കിലും കണക്ക് പുറത്തുവിടാൻ അധികൃതർ തയാറല്ല.
മാർബിൾ, ഗ്രാനൈറ്റ്, ഇരുമ്പ്--ഉരുക്ക് ഉൽപന്നങ്ങൾ, തടികൾ, ഫർണിച്ചർ, സ്വർണം, വെള്ളി എന്നിവയാണ് പ്രധാനമായും നികുതി വെട്ടിച്ച് കടത്തുന്നത്. മുമ്പ് ചെക്പോസ്റ്റുകളിൽ വാഹനങ്ങളും രേഖകളും കൃത്യമായി പരിശോധിച്ചിരുന്നതിനാൽ വെട്ടിപ്പ് കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഇപ്പോൾ ഇതര സംസ്ഥാനങ്ങളിൽനിന്ന് ചരക്ക് കൊണ്ടുവരുന്നവർ ഇൻവോയ്സ്, ഡിക്ലറേഷൻ എന്നിവയുടെ പകർപ്പ് മാത്രം കാണിച്ചാൽ മതി. 14 ടൺ ചരക്ക് കൊണ്ടുവരുന്നവർ എേട്ടാ ഒമ്പതോ ടൺ മാത്രമേ രേഖയിൽ കാണിക്കൂ. ചരക്ക് കേരളത്തിലെത്തുന്നതോടെ കൃത്രിമ ഇൻവോയ്സ് നശിപ്പിക്കും. രേഖയിൽ പറയുന്നതിനേക്കാൾ കൂടിയ അളവിൽ ചരക്കുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കാൻ ഫലപ്രദമായ സംവിധാനം ഇല്ലാത്ത അവസ്ഥയാണ്.
നികുതിവെട്ടിപ്പ് തടയാൻ കഴിയുമെന്നതാണ് ജി.എസ്.ടിയുടെ പ്രധാന നേട്ടങ്ങളിൽ ഒന്നായി പറഞ്ഞിരുന്നത്. എന്നാൽ, സമാന്തര സമ്പദ്വ്യവസ്ഥ നിയന്ത്രിക്കുന്നവർ ഇതിനെ നികുതിവെട്ടിപ്പിന് മാർഗമാക്കുകയാണ്. വെട്ടിപ്പ് തടയാൻ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ചരക്ക് നീക്കം നിരീക്ഷിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല. ചെക്പോസ്റ്റുകളിലെ ജീവനക്കാരെ വാണിജ്യനികുതി വകുപ്പിെൻറ ഇൻറലിജൻസ് വിഭാഗത്തിൽ പുനർവിന്യസിച്ച് പരിശോധന ശക്തമാക്കാനുള്ള തീരുമാനവും കടലാസിലൊതുങ്ങി. താഴെ തട്ടിെല ഉദ്യോഗസ്ഥർക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലാത്തതാണ് മറ്റൊരു പ്രശ്നം.
മുകളിൽനിന്ന് നിർദേശിക്കുന്ന കാര്യങ്ങൾ മാത്രം പരിശോധിച്ച് റിപ്പോർട്ട് നൽകുന്ന ജോലിയാണ് സ്ക്വാഡുകൾ പ്രധാനമായും ചെയ്യുന്നത്. ഇതോടെ, പരിശോധന ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും മാത്രം കേന്ദ്രീകരിച്ചത് നികുതിവെട്ടിച്ചുള്ള ചരക്ക് കടത്ത് നിർബാധം തുടരാൻ സൗകര്യമൊരുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.