ഇന്ധനത്തിന് ജി.എസ്.ടി: ഹരജി തീർപ്പാകും വരെ സെസ് പിരിക്കുന്നത് തടയണമെന്ന് ഉപഹരജി
text_fieldsകൊച്ചി: പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടു വരണമെന്ന ഹരജി തീർപ്പാകുംവരെ ഇവക്ക് ലിറ്ററിന് രണ്ടുരൂപ നിരക്കിൽ സർക്കാർ സാമൂഹിക സുരക്ഷ സെസ് പിരിക്കുന്നത് തടയണമെന്ന് ഉപഹരജി. പെട്രോളിനും ഡീസലിനും അടിക്കടി വില വർധിക്കുന്നത് തടയാൻ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ 2021 ജൂണിൽ ഹരജി നൽകിയിരുന്നു.
ഇത് പരാമർശിച്ചാണ് അദ്ദേഹത്തിന്‍റെ ഉപഹരജി. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് പെട്രോളിനും ഡീസലിനും വില കൂടുന്നത് സാധാരണക്കാരനെ പ്രതികൂലമായി ബാധിക്കുമെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വർധനക്ക് കാരണമാകുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയായിരുന്നു.
സംസ്ഥാനങ്ങൾ അനുവദിച്ചാൽ പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരാമെന്ന് കേന്ദ്ര ധനമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇതിൽ അനുകൂല നിലപാടെടുക്കാൻ സംസ്ഥാന സർക്കാറിനോട് നിർദേശിക്കണമെന്നും ഹരജി തീർപ്പാകുന്നതുവരെ സെസ് പിരിക്കുന്നത് തടയണമെന്നുമാണ് ഉപഹരജിയിൽ ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.