ജി.എസ്.ടി: അതിർത്തി ചെക്ക്പോസ്റ്റുകൾ ഇല്ലാതായതോടെ കള്ളക്കടത്ത് വർധിച്ചു
text_fieldsകോയമ്പത്തൂർ: സംസ്ഥാനാതിർത്തി ചെക്ക്പോസ്റ്റുകൾ ഇല്ലാതായതോടെ കള്ളക്കടത്ത് വർധിക്കുന്നു. പരാതി ശക്തമായതിനാൽ അതിർത്തി പ്രദേശങ്ങളിൽ സ്ക്വാഡ് പരിശോധന ഉൗർജിതപ്പെടുത്താൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. റേഷനരി, പുഴമണൽ, സ്പിരിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യം, യൂറിയ ഉൾപ്പെടെയുള്ള രാസവളങ്ങൾ തുടങ്ങിയവയാണ് തമിഴ്നാട്ടിൽനിന്ന് പ്രധാനമായും കേരളത്തിലേക്ക് ഒഴുകുന്നത്. വാളയാർ, വേലന്താവളം വഴിയാണ് കടത്ത്.
കേരളത്തിൽ പ്രത്യേക സ്ക്വാഡുകളെ നിയമിച്ചിട്ടില്ല. തമിഴ്നാട്ടിലെ സിവിൽ സപ്ലൈസ് കോർപറേഷൻ ഗോഡൗണുകളിൽനിന്നും റേഷൻകടകളിൽനിന്നും അനധികൃതമായി ശേഖരിക്കുന്ന റേഷനരിയാണ് അതിർത്തി കടത്തുന്നത്. തമിഴ്നാട്ടിൽ മൂന്ന് യൂനിറ്റ് അടങ്ങുന്ന ഒരു ലോഡ് പുഴമണലിന് 35,000 രൂപ നൽകണം. ഇത് അതിർത്തി കടത്തിയാൽ 50,000 രൂപയാണ് ലഭിക്കുന്നത്.
മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽനിന്ന് കോയമ്പത്തൂർ വഴിയാണ് അനധികൃത സ്പിരിറ്റ് ലോഡുകൾ കടന്നുപോകുന്നത്. ഒാണം സീസൺ മുന്നിൽ കണ്ട് സ്പിരിറ്റ് ലോബി സന്ദർഭം പരമാവധി മുതലാക്കുന്നതായാണ് വിവരം. മുൻകാലങ്ങളിൽ ചെക്ക്പോസ്റ്റുകളിൽ മാമൂൽ നൽകിയാണ് സ്പിരിറ്റ് കടത്തിയിരുന്നത്. ഇപ്പോൾ ഇൗ ഭയവും ഇല്ലാതായി. തമിഴ്നാട്ടിലെ അംഗീകൃത വിദേശമദ്യഷാപ്പുകളിൽനിന്ന് മദ്യം വാങ്ങി കേരളത്തിൽ വിൽപന നടത്തുന്ന ഏജൻറുമാരും സജീവമാണ്. കേരളത്തിൽ മദ്യഷാപ്പുകളും ബാറുകളും ഇല്ലാത്ത പ്രദേശങ്ങളിലാണ് കൂടുതലായും വിൽപന നടത്തുന്നത്.
തമിഴ്നാട്ടിൽ സഹകരണ സംഘങ്ങൾ മുഖേന സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന യൂറിയ ഉൾപ്പെടെയുള്ള രാസവളങ്ങളും കേരളത്തിലേക്ക് കടത്തുന്നുണ്ട്. കേരളത്തിലെ ചില സ്വകാര്യ പ്ലൈവുഡ് നിർമാണ കമ്പനികളും മറ്റുമാണ് രാസവളം ശേഖരിക്കുന്നത്. ടെക്സ്റ്റൈൽ, മോേട്ടാർ പമ്പുകൾ, ആേട്ടാ സ്പെയർപാർട്സുകൾ തുടങ്ങിയവയുടെ നീക്കവും സജീവമാണ്. വ്യാജ ഡെസ്പാച് വൗച്ചറുകളും ബില്ലുകളും ഉപയോഗിച്ചാണ് ഇവ കൊണ്ടുപോകുന്നത്. പിടിയിലായാൽ ജി.എസ്.ടി സംബന്ധിച്ച അജ്ഞത പറഞ്ഞ് രക്ഷപ്പെടുകയുമാവാമെന്നാണ് ചില ഏജൻറുമാർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.