ജീവനക്കാരുടെ അതൃപ്തിക്കിടെ ജി.എസ്.ടി പുനഃസംഘടന പ്രഖ്യാപനം ഇന്ന്
text_fieldsതൃശൂർ: ഈമാസം പത്തിന് പ്രാബല്യത്തിൽ വന്ന സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) പുനഃസംഘടന പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന് നടത്താനിരിക്കേ ജീവനക്കാരിൽ അതൃപ്തി പുകയുന്നു. ചട്ടവിരുദ്ധ നിയമനത്തിന് പിന്നാലെ ഓഫിസുകളിൽ പശ്ചാത്തല സൗകര്യം ഒരുക്കാനാവാത്ത സാഹചര്യവുമാണ് ജീവനക്കാരുടെ അതൃപ്തിക്ക് കാരണം. പുനഃസംഘടന പ്രാബല്യത്തിൽ വന്ന് പത്താം ദിവസമായിട്ടും കാര്യങ്ങൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ ഭരണാനുകൂല സംഘടന ജീവനക്കാർ വരെ അസംതൃപ്തരാണ്.
എട്ടു മണിക്കൂറിനുള്ളിൽ ചുട്ടെട്ടുത്ത ജീവനക്കാരുടെ അശാസ്ത്രീയ പുനർവിന്യാസമാണ് കാര്യങ്ങൾ കുഴക്കിയത്. ചട്ടവിരുദ്ധമായ നിയമനത്തിന് എതിരെ വിവിധ സർവിസ് സംഘടനകൾ നികുതി കമീഷണർക്ക് നൽകിയ പരാതിയിൽ പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ പാലിക്കാനായില്ല. അതുകൊണ്ട് തന്നെ നിയമ നടപടിയുമായി മുന്നോട്ടുപോകുന്ന പ്രവർത്തനങ്ങൾ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായി. അശാസ്ത്രീയമായി ജീവനക്കാരെ സ്ഥലം മാറ്റിയതിന് അനുസരിച്ച് അവശ്യമായ സൗകര്യം ഓഫിസുകളിൽ ഒരുക്കാനും അധികൃതർക്കായില്ല.
പൂർണമായി ഓൺലൈനിലായ നടപടിക്രമങ്ങൾക്കായി കമ്പ്യൂട്ടർ അടക്കം പശ്ചാത്തല സൗകര്യം ഒരുക്കുന്നതിലും പരാജയപ്പെട്ടു. പുതുതായി നിലവിൽ വന്ന ഓഫിസുകൾക്കായി സ്ഥലം കണ്ടെത്താത്തത് പല ജില്ലകളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒന്നിലധികം ഓഫിസുകൾ അനുവദിക്കുകയും എന്നാൽ മതിയായ സ്ഥലം ഇല്ലാതിരിക്കുകയും ചെയ്യുന്നതാണ് പല ജില്ലകളിലും നേരിടുന്ന പ്രശ്നം.
ശക്തമായ ഓഡിറ്റിങ്, ഇന്റലിജൻസ്, നികുതിദായക സേവനം തുടങ്ങിയ വിഭാഗങ്ങളായി ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുവാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിനായി ബിഗ് ഡാറ്റ അനലൈസിങ്ങിനും സൈബർ ഫോറൻസിക് പരിശോധനകൾക്കും പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്ന വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി. പ്രത്യേക പരിശീലനവും കടലാസിൽ മാത്രമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.