ജി.എസ്.ടി പുനഃസംഘടന പ്രാബല്യത്തിൽ; അനിശ്ചിതത്വം നീങ്ങിയില്ല
text_fieldsതൃശൂർ: സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) പുനഃസംഘടന ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന മന്ത്രിസഭ തീരുമാനം തകിടംമറിയും. ഇതുസംബന്ധിച്ച് ഇറക്കേണ്ട നിയമപരമായ വിജ്ഞാപനങ്ങളും ഓഫിസുകളുടെ പുനർനാമകരണവും പൂർത്തീകരിച്ചെങ്കിലും ഉദ്യോഗസ്ഥതലത്തിലുള്ള മാറ്റങ്ങൾക്ക് നടപടിയായില്ല. ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റ ഉത്തരവുകളും തിങ്കളാഴ്ച രാത്രി ഏറെ വൈകീട്ടും നടന്നിട്ടില്ല. ഭരണാനുകൂല സംഘടനയിലെ ചേരിപ്പോരുമൂലം ഈ നടപടികൾ ഏതാണ്ട് സ്തംഭിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മുതൽ വകുപ്പ് പുതിയ സംവിധാനത്തിൽ പ്രവർത്തിക്കണമെന്ന സർക്കാർ ഉത്തരവിന് പുല്ലുവില കൽപിച്ച് ഉദ്യോഗസ്ഥരുടെ തൊഴുത്തിൽക്കുത്താണ് പ്രശ്നം സങ്കീർണമാക്കുന്നത്.
ഡെപ്യൂട്ടി കമീഷണർ മുതൽ അഡീഷനൽ കമീഷണർ വരെയുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവുകൾ സർക്കാർ നേരിട്ടാണ് നടത്തുന്നത്. എന്നാൽ, അതിലേക്കുള്ള ശിപാർശ നികുതി വകുപ്പ് കമീഷണർ സർക്കാറിന് സമർപ്പിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥ വിഴുപ്പലക്കൽ മൂലം ഇതുമായി ബന്ധപ്പെട്ട് ശിപാർശ സമർപ്പിക്കാൻ കമീഷണർക്ക് സാധിച്ചിട്ടില്ല. ഉയർന്ന തസ്തികകളിലെ നിയമനം നടന്നാൽ മാത്രമേ താഴെക്കിടയിലുള്ള ജീവനക്കാരുടെ നിയമനം പൂർത്തീകരിക്കാനാവൂ. ഇങ്ങനെ വരുമ്പോൾ പുനഃസംഘടനയിലെ മുഴുവൻ തസ്തികകളിലും ആളില്ലാത്ത സാഹചര്യമാവും ഉണ്ടാവുക.
ഇത് പുതിയ സംവിധാനത്തിലേക്ക് ഇന്നുമുതൽ മാറുന്ന സംസ്ഥാനത്തെ എല്ലാ ജി.എസ്.ടി ഓഫിസുകളുടെ പ്രവർത്തനത്തേയും സാരമായി ബാധിക്കും.
പുനഃസംഘടന നടക്കുമെങ്കിലും ഒരുവിധ ജോലിയോ സേവനമോ ചെയ്യാൻ ഇന്നുമുതൽ നിലവിലെ ഉദ്യോഗസ്ഥർക്കാവില്ല. വകുപ്പ് പുനഃസംഘടന പൂർത്തീകരണം ഇത്രയും വൈകിയതിനും നികുതി വരുമാനം കുറഞ്ഞതിനും ജി.എസ്.ടി വകുപ്പ് ഏറെ പഴി കേട്ടതാണ്.
സംസ്ഥാനത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ ചില ഉന്നത ഉദ്യോഗസ്ഥരുടെ ചക്കിളത്തിപ്പോരാണ് പുനഃസംഘടന വൈകാൻ ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.