ജി.എസ്.ടി പുനഃസംഘടന: പോരായ്മ പരിഹരിക്കാൻ നടപടി
text_fieldsതൃശൂർ: ചരക്ക് - സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടനയിലെ പോരായ്മകൾ പരിഹരിക്കാൻ നടപടികൾ തുടങ്ങി. അശാസ്ത്രീയ ഫയൽ ട്രാൻസ്ഫറും പിൻമാപ്പിങ്ങും മൂലം താളം തെറ്റിയ ദൈനംദിന ജോലികൾ പരിഹരിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്.
പുനഃസംഘടനയിലെ അശാസ്ത്രീയത മൂലം വകുപ്പ് പ്രവർത്തനം അവതാളത്തിലായ വാർത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ സമയബന്ധിതമായി കേസുകൾ കൈകാര്യം ചെയ്യാനും നികുതികുടിശ്ശിക നടപടി ത്വരിതപ്പെടുത്താനുമായി വകുപ്പിലെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 14 ജില്ലകളിലും പ്രത്യേക സംഘത്തെ വിന്യസിച്ചു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31നകം തീർപ്പാക്കേണ്ട ഫയലുകളാണ് പ്രത്യേക സംഘത്തിന് നൽകുന്നത്.
അതേസമയം, ഇവരെ തെരഞ്ഞെടുത്തപ്പോൾ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വേണ്ടത്ര മുന്നൊരുക്കം നടത്താതെ വകുപ്പ് പുനഃസംഘടന നടപ്പിലാക്കിയതാണ് കാര്യങ്ങൾ സങ്കീർണമാക്കിയത്.
ഇപ്പോഴും കോടികൾ പിരിച്ചെടുക്കാനുള്ള റവന്യൂ റിക്കവറി വിഭാഗത്തിന് മതിയായ ജീവനക്കാരോ വാഹനമോ മറ്റ് ഭൗതിക സാഹചര്യങ്ങളോ നൽകിയിട്ടില്ല. ഇത് കൂടാതെ ബാർ ഹോട്ടലുകളുടെ നികുതി റിട്ടേണുകൾ പരിശോധിക്കാനോ കണക്കുകൾ നോക്കാനോ മതിയായ ജീവനക്കാരെ നിയമിച്ചിട്ടില്ല. ഭൂരിഭാഗം ബാറുടമകളും നികുതി റിട്ടേണുകൾ പോലും സമർപ്പിക്കാറില്ല. ഈ മേഖലയിൽ നിന്ന് സംസ്ഥാനത്തിന് പ്രതിവർഷം 1000 കോടി രൂപയുടെ നികുതി ചോർച്ചയുണ്ടായിട്ടുണ്ട്.
ജി.എസ്.ടിക്കു മുമ്പുള്ള നികുതിനിയമങ്ങളിൽ ഉൾെപ്പടെ ധാരാളം നികുതി നിർണയങ്ങൾ ഇനിയും ബാക്കിയാണ്. വികലമായ നികുതി സംവിധാനം സംസ്ഥാന സർക്കാറിന് വൻ ബാധ്യതയാണ് വരുത്തിവെക്കുന്നത്. നികുതി കൃത്യമായി പിരിച്ചെടുക്കാതെ ജനത്തിന് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. നികുതിവെട്ടിപ്പുകാർക്ക് ഒത്താശ ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥ വൃന്ദവും തലവേദനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.