ജി.എസ്.ടി റിട്ടേൺ സൂക്ഷ്മ പരിശോധന ഇഴയുന്നു
text_fieldsതൃശൂർ: തീർപ്പു കൽപിക്കാൻ ഇനിയും 9,500ലധികം ഫയലുകൾ. സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പിൽ 2017-'18 വർഷത്തെ റിട്ടേൺ സൂക്ഷ്മ പരിശോധന ഇഴയുന്നു. സാമ്പത്തിക വർഷം അവസാനിക്കാൻ 13 പ്രവൃത്തി ദിവസം മാത്രം ശേഷിക്കെയാണ് അന്തിമ ഉത്തരവിനായി ഇത്രയധികം ഫയലുകൾ ബാക്കിയുള്ളത്. ജീവനക്കാരുടെ കുറവും വകുപ്പിന്‍റെ പുനഃസംഘാടനവും സൃഷ്ടിച്ച പ്രശ്നങ്ങളാണ് വെട്ടിപ്പ് അടക്കം നടത്തിയവരിൽനിന്നും പിഴയോടുകൂടി നികുതി പിടിച്ചെടുക്കുന്നതിൽ കാലതാമസം വരാൻ ഇടയാക്കിയത്.
സംസ്ഥാനത്ത് 2017-'18 വർഷത്തിൽ റിട്ടേൺ സൂക്ഷ്മ പരിശോധനക്കായി നൽകിയ 37,094 കേസുകളിൽ 12,861 എണ്ണത്തിൽ മാത്രമാണ് സെക്ഷൻ 73 പ്രകാരം നികുതി നിർണയത്തിന് ഷോക്കോസ് നോട്ടീസ് നൽകാനായത്. അന്തിമ ഉത്തരവിനായി 9,500ലധികം ഫയലുകൾ ഇനിയും ബാക്കിയുണ്ട്. 2017-'18 വർഷത്തെ വാർഷിക റിട്ടേൺ, ഓഡിറ്റ് റിപ്പോർട്ട്, റിട്ടേൺ ഫയലിങ് എന്നിവക്കെല്ലാം സമയം നീട്ടി നൽകിയിരുന്നു. 2019 ഏപ്രിൽ 23 വരെ റിട്ടേൺ ഫയൽ ചെയ്യാനാണ് സമയം നൽകിയത്. ശേഷമുള്ള തുടർ നടപടികളാണ് സമയബന്ധിതമായി തീർക്കാനാകാത്തത്.
സംസ്ഥാനത്ത് ഇതുവരെ 3018 കേസുകളിലാണ് നികുതി നിർണയം പൂർത്തിയായത്. 86.81 കോടി രൂപയാണ് ഈ ഫയലുകളിൽനിന്ന് പ്രതീക്ഷിത വരുമാനം. 4.81 കോടി രൂപ റിട്ടേൺ സൂക്ഷ്മ പരിശോധനയിലൂടെ സർക്കാർ ഖജനാവിലേക്ക് അടക്കാനായി. നവംബറോടു കൂടി മുഴുവൻ കേസുകളിലും ഷോക്കോസ് നോട്ടീസ് നൽകിയില്ലെങ്കിൽ ഈ വർഷത്തെ കേസുകൾ എടുക്കാനുള്ള സമയപരിധി കഴിയും. 440.16 കോടി രൂപയുടെ നോട്ടീസാണ് ഇതുവരെ നൽകാനായത്. അതിനിടയിൽ സംസ്ഥാനത്തെ ജി.എസ്.ടി ബാക്ക് എൻഡ് സിസ്റ്റം കേന്ദ്ര ഇന്‍റേണൽ സോഫ്റ്റ്വെയറിലേക്ക് മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാൽ രണ്ടാഴ്ചയായി കക്ഷികൾക്ക് പുതിയ നോട്ടീസുകൾ നൽകാനായിട്ടില്ല.
കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകൾ കേസുകൾ തീർപ്പാക്കുന്നതിൽ മുന്നിലാണെങ്കിലും വൻ നികുതി പ്രതീക്ഷയുള്ള തിരുവനന്തപുരം, എറണാകുളം, മട്ടാഞ്ചേരി ജില്ലകളിൽ തീർപ്പാക്കൽ നിരക്ക് വളരെ കുറവാണ്. കടംകൊണ്ട് മുടിഞ്ഞ സർക്കാർ പണം കണ്ടെത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന വകുപ്പിന് ആവശ്യമായ പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം ജീവനക്കാർ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.