സ്കൂൾ മാനേജരിൽ നിന്നു ഈടാക്കിയാണെങ്കിലും ഗസ്റ്റ് അധ്യാപികയുടെ ശമ്പളം നൽകണം -മനുഷ്യാവകാശ കമീഷൻ
text_fieldsആലപ്പുഴ: 2019 ജൂലൈ ഒന്നു മുതൽ ഡിസംബർ 19 വരെ ദിവസവേതനത്തിൽ ജോലി ചെയ്ത അധ്യാപികക്കുള്ള ശമ്പളം സ്കൂൾ മാനേജരിൽ നിന്നു ഈടാക്കിയാണെങ്കിൽ പോലും ഉടൻ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
ആലപ്പുഴ കണ്ടങ്കരി ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ജോലി ചെയ്ത അധ്യാപികക്ക് ശമ്പളം നൽകാനാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്. ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തുവന്ന എം.എസ്. ശ്രീലക്ഷ്മി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
റീജനൽ ഡെപ്യൂട്ടി ഡയറക്ടറെ കമീഷൻ സിറ്റിങ്ങിൽ വിളിച്ചു വരുത്തി. ഗസ്റ്റ് അധ്യാപികയുടെ നിയമനത്തിനുള്ള അപേക്ഷയോടൊപ്പം പത്ര പരസ്യത്തിന്‍റെ പകർപ്പ് ഹാജരാക്കിയിട്ടില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയുള്ള നിയമനമായതിനാലാണ്, നിയമനത്തിന് അംഗീകാരം നൽകാത്തതെന്നും പറയുന്നു.
എന്നാൽ നിഷേധാത്മക നിലപാടാണ് സ്കൂൾ മാനേജർ കമീഷന് മുന്നിൽ സ്വീകരിച്ചത്. സ്കൂൾ മാനേജർ നിയമാനുസരണം നടപടി സ്വീകരിക്കാത്തതു കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് കമീഷൻ നിരീക്ഷിച്ചു. സാങ്കേതിക പ്രശ്നം മാത്രമാണ് വേതനം നൽകാത്തതിന് പിന്നിലുള്ളതെന്ന് കമീഷൻ കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പും സ്കൂൾ മാനേജരും പരസ്പരം പഴി ചാരുകയാണെന്ന് കമീഷൻ അറിയിച്ചു.
സാങ്കേതികത്വം പറഞ്ഞ് ജോലി ചെയ്ത കാലത്തെ ശമ്പളം നിഷേധിക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് ഉത്തരവിൽ പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് ഉത്തരവ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.