ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്ത് അതിഥി തൊഴിലാളികൾ
text_fieldsകൊച്ചി: അതിഥി തൊഴിലാളി മേഖലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മനുഷ്യ ചങ്ങല തീർക്കുകയും ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയും ചെയ്തു. കാക്കനാട് സ്മാർട്ട് സിറ്റി സാൻഡ്സ് ഇൻഫ്ര വർക്ക് സൈറ്റിൽ സംഘടിപ്പിച്ച പരിപാടി തൃക്കാക്കര നഗരസഭാ ഒമ്പതാം വാർഡ് മെമ്പർ അബ്ദു ഷാന ഉദ്ഘാടനം ചെയ്തു.
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും, എക്സൈസ് വകുപ്പും, കളമശേരി രാജഗിരി കോളേജും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. മയക്കുമരുന്നിന്റെ ഉപയോഗം, പാർശ്വഫലങ്ങൾ, അത് ഉപയോഗിച്ചാലുണ്ടാകുന്ന ശിക്ഷാ നടപടികൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് എക്സൈസ് സർക്കിൾ ഇൻപെക്ടർ പ്രിൻസ് ബാബു ലഹരി വിരുദ്ധ സന്ദേശം നൽകി.
മയക്കുമരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് കളമശേരി രാജഗിരി കോളജിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കിസ്മത്ത് ജില്ലാ കോഡിനേറ്റർ രവീന്ദ്ര പ്രസാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സർക്കാരിന്റെ ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളി മേഖലയിൽ മയക്കുമരുന്നു ഉപയോഗവും വ്യാപനവും പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മനുഷ്യച്ചങ്ങല തീർത്തത്. 600 അതിഥി തൊഴിലാളികൾ മനുഷ്യചങ്ങലയിൽ അണിനിരന്നു. ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ 22 വരെ അതിഥി തൊഴിലാളികളെ ലഹരിയിൽ നിന്നും വിമുക്തരാക്കുന്നതിനും ലഹരി ഉപയോഗവും വിതരണവും തടയുകയുന്നതിനുമായി വിപുലമായ പരിപാടികളാണ് ജില്ലയിൽ നടന്നു വരുന്നത്.
റീജണൽ ലേബർ കമ്മീഷ്ണർ പി.ആർ ശങ്കർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജില്ലാ ലേബർ ഓഫീസർ പി.ജി വിനോദ് കുമാർ, കൊല്ലം ലേബർ കമ്മീഷണർ ഡി. സുരേഷ് കുമാർ, അസിസ്റ്റൻ്റ് ലേബർ ഓഫീസർ പി .കെ മനോജ്, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.