തദ്ദേശ തെരഞ്ഞെടുപ്പ് ചുവരെഴുത്തിന് മാർഗരേഖ: ഓരോ പരസ്യത്തിലും ചുമതലക്കാരെൻറ പേര് നിർബന്ധം
text_fieldsതൃശൂർ: ഊരും പേരുമില്ലാതെ പരസ്യ പ്രചാരണങ്ങൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വിലക്ക്. പരസ്യത്തിലും ചുവരെഴുത്തുകളിലും ചുമതലപ്പെട്ട വ്യക്തിയുടെ സ്ഥാനപ്പേര് ചേർക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് ചുവരെഴുത്ത്, ബോർഡ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഇറക്കിയ മാർഗരേഖയിലാണ് നിർദേശങ്ങൾ.
വ്യക്തികളെ അധിക്ഷേപിക്കുന്നതും മതവികാരം ഉണർത്തുന്നതും കൊലപാതകങ്ങളുമായി ബന്ധപ്പെട്ടതുമായ ചിത്രങ്ങൾ പ്രദർശിപ്പിച്ച് വോട്ടുതേടുന്നത് വിലക്കി. സ്ഥാനാർഥിയുടെ പരസ്യം വികൃതമാക്കരുത്. ബന്ധപ്പെട്ട അധികാരിയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ വൈദ്യുതി തൂണുകളിലോ ടവറുകളിലോ പരസ്യം പതിക്കരുത്.
പരസ്യ ബോർഡുകൾ കെട്ടാൻ പ്ലാസ്റ്റിക് നൂലുകളോ റിബണുകളോ ഉപയോഗിക്കരുത്. പകരം പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിയുന്നതും പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്നതുമായ വസ്തുക്കളേ പ്രചാരണത്തിന് ഉപയോഗിക്കാവൂ. തെരഞ്ഞെടുപ്പിലുണ്ടാവുന്ന ബയോ മെഡിക്കൽ മാലിന്യം പ്രത്യേകം ശേഖരിച്ച് സംസ്കരിക്കണം.
വോട്ടെടുപ്പ് അവസാനിച്ചാൽ ഉടൻ രാഷ്ട്രീയ പ്രചാരണ പരസ്യങ്ങൾ നശിപ്പിക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറണം. അഞ്ച് ദിവസത്തിനകം നശിപ്പിച്ചില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ നീക്കി ചെലവ് ഗുണഭോക്താവായ സ്ഥാനാർഥിയിൽനിന്ന് ഈടാക്കണം.
നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകൾക്ക് കുറുകെയും ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ പരസ്യം സ്ഥാപിക്കരുതെന്ന് മാർഗരേഖ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.