‘സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ പാലിക്കേണ്ട മാർഗരേഖ പാർട്ടി ബന്ധുക്കളും പാലിക്കണം’; പി. ജയരാജന്റെ മകനെതിരെ എം.വി ജയരാജൻ
text_fieldsകണ്ണൂർ: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് പി. ജയരാജന്റെ മകൻ ജെയ്ൻ രാജിനെ തള്ളി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ഡി.വൈ.എഫ്.ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയും സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗവുമായ കിരൺ കരുണാകരൻ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ ഫോട്ടോ പങ്കുവെച്ച് ജെയ്ൻ രാജ് കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ പാലിക്കേണ്ട കൃത്യമായ മാർഗരേഖ സി.പി.എമ്മിനുണ്ടെന്നും അത് പാർട്ടി പ്രവർത്തകരും ബന്ധുമിത്രാദികളും പാലിക്കണമെന്നും എം.വി. ജയരാജൻ പറഞ്ഞു. കിരൺ കരുണാകരനെതിരായ സൈബർ ആക്രമണം തെറ്റാണ്. സ്വർണക്കടത്തുമായി കിരണിന് ഒരു ബന്ധവുമില്ല. സമൂഹ മാധ്യമങ്ങളിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല. പാർട്ടിക്കെതിരെ എതിരാളികൾ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചാൽ പോലും ആ രീതിയിൽ മറുപടി പറയരുത്. മുമ്പ് ഫേസ്ബുക്കിൽ എഴുതിയതുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങൾ ചർച്ച ചെയ്ത് തെറ്റുതിരുത്തലിന് വിധേയമാക്കിയതാണ്. അത് ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കിയത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
ജയിന്‍ രാജിനെതിരെ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് ഇന്നലെ രംഗത്തെത്തിയിരുന്നു. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമെന്നായിരുന്നു ജയിനിന്റെ പേരെടുത്ത് പറയാതെയുള്ള വിമർശനം. സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി സംഘടനയെയും പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നായിരുന്നു പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയത്.
''സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. സഭ്യമല്ലാത്ത ഭാഷയില്‍ ഡി.വൈ.എഫ്.ഐക്കും നേതാക്കള്‍ക്കും എതിരെ ആര് പ്രതികരണങ്ങള്‍ നടത്തിയാലും സഭ്യമായ ഭാഷയില്‍ തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയം ഒരു വര്‍ഷം മുമ്പ് തന്നെ ഡി.വൈ.എഫ്.ഐ ചര്‍ച്ച ചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ്. എന്നാല്‍, വീണ്ടും ഇത് കുത്തിപ്പൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സംഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ഹീനശ്രമമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്’, എന്നിങ്ങനെയായിരുന്നു പ്രസ്താവന. ആശയ പ്രചാരണത്തിനുള്ള വേദിയായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.