ഗുജറാത്തിൽനിന്ന് ആദ്യ ശ്രമിക് ട്രെയിൻ കേരളത്തിലെത്തി
text_fieldsകോഴിക്കോട്: ഗുജറാത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ മലയാളികളുമായി ആദ്യ ശ്രമിക് ട്രെയിൻ കേരളത്തിലെത്തി. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് ഇന്ന് രാവിലെ 10 മണിയോടെയാണ് ട്രെയിൻ എത്തിയത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ള യാത്രക്കാർ കോഴിക്കോട് സ്റ്റേഷനിൽ ഇറങ്ങി. ഓരോരുത്തരുടെയും പാസും ആരോഗ്യനിലയും പരിശോധിച്ച ശേഷമാണ് സ്റ്റേഷനിൽനിന്ന് പുറത്തുവിടുക. ഇതിനായി 10 കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. യാത്രക്കാർക്കായി വിവിധ ജില്ലകളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ആലുവയാണ് അടുത്ത സ്റ്റോപ്പ്. ഉച്ചക്ക് 2.05ന് ആലുവയിലെത്തുന്ന ട്രെയിനിന് പിന്നീട് വൈകീട്ട് 6.25ന് തിരുവനന്തപുരത്ത് മാത്രമേ സ്റ്റോപ് ഉള്ളൂ.
ചൊവ്വാഴ്ച പുലർച്ച 12.30ന് ഗുജറാത്തിലെ രാജ്കോട്ടിൽനിന്നാണ് രാജ്കോട്ട്- തിരുവനന്തപുരം ശ്രമിക് എക്സ്പ്രസ് പുറപ്പെട്ടത്. പുലർച്ചെ 4.25ന് അഹമ്മദാബാദ്, രാവിലെ 6.30ന് വഡോദര, രാവിലെ 8.40ന് സൂറത്ത് എന്നിവിടങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റി. ഈ നാലുസ്റ്റോപ്പുകളിൽനിന്ന് മാത്രമാണ് യാത്രക്കാരെ കയറ്റിയത്. ഇവർ യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പരിശോധനക്കായി സ്റ്റേഷൻ പരിസരത്ത് എത്തിയിരുന്നു.
പൂർണമായും സൗജന്യമായാണ് യാത്ര. കൂടാതെ വിവിധ സ്റ്റേഷനുകളിൽവെച്ച് എല്ലാവർക്കും സൗജന്യ ഭക്ഷണവും വെള്ളവും റെയിൽവെ ഏർപ്പാടാക്കിയിരുന്നു. ചൊവ്വാഴ്ച വാസായി റോഡ് സ്റ്റേഷനിൽവെച്ച് ഉച്ചഭക്ഷണം, രത്നഗിരി സ്റ്റേഷനിൽനിന്ന് രാത്രി ഭക്ഷണം, ഇന്നുപുലർച്ചെ നാലുമണിക്ക് മംഗളൂരുവിൽ നിന്ന് പ്രാതൽ എന്നിവയാണ് നൽകിയത്. തുടർയാത്രക്കാർക്ക് കോഴിക്കോട് സ്റ്റേഷനിൽനിന്ന് ഉച്ചഭക്ഷണവും നൽകി.
നേരത്തെ പലകാരണങ്ങളാൽ മൂന്നു തവണ ഈ ട്രെയിൻ യാത്ര റദ്ദാക്കിയിരുന്നു. റെഡ്സോൺ ആയ അഹമ്മദാബാദ് ഒഴിവാക്കി ട്രെയിൻ സർവിസ് നടത്താൻ ശ്രമിച്ചതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ശനിയാഴ്ച പുറപ്പെടാനിരുന്ന ട്രെയിൻ അവസാന നിമിഷമാണ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. നേരത്തെ പ്രഖ്യാപിച്ച ട്രെയിനിന് വാപിയിലും സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാൽ, പുതിയ ട്രെയിനിന് അഹമ്മദാബാദ് സ്റ്റോപ്പ് ഉൾപ്പെടുത്തിയപ്പോൾ വാപി സ്റ്റേഷൻ ഒഴിവാക്കി.
ഗുജറാത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി 1200 ഒാളം പേരാണ് ട്രെയിനിലുള്ളത്. വിദ്യാർഥികൾ, കുഞ്ഞുങ്ങൾ, വയോധികർ, ഗർഭിണികൾ തുടങ്ങിയവർക്കാണ് ആദ്യ ട്രെയിനിൽ മുൻഗണന നൽകിയത്. അഹമ്മദാബാദിൽനിന്ന് രജിസ്റ്റർ ചെയ്ത 1572 പേരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 204 പേർക്കാണ് യാത്രക്ക് അനുവാദം ലഭിച്ചത്. വിവിധ കാരണങ്ങളാൽ ലോക്ഡൗണിൽ കുടുങ്ങിയ നിരവധി പേർ ഇനിയും കേരളത്തിലേക്ക് മടങ്ങാനുണ്ട്. വൈകാതെ മറ്റൊരു ട്രെയിൻ കൂടി ഗുജറാത്തിൽനിന്ന് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.
കോവിഡ് 19 കേസുകൾ കൂടിവരുന്ന ഗുജറാത്തിൽ രോഗബാധയും മരണവും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് അഹമ്മദാബാദ് നഗരത്തിലാണ്. 15,000ത്തോളം കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് മലയാളികളടക്കം തൊള്ളായിരത്തിലേറെ പേരാണ് ഇതുവരെ മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.