ഗൾഫ് കപ്പൽ, ക്രൂസ് ഷിപ്പിങ്: തുടർനടപടി ലക്ഷ്യത്തിനരികെ
text_fieldsതിരുവനന്തപുരം: കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള യാത്രാ കപ്പൽ സർവിസും സംസ്ഥാനത്തെ തുറമുഖങ്ങൾ ബന്ധിപ്പിച്ചുള്ള ‘കോസ്റ്റൽ ക്രൂസ് ഷിപ്പിങ്’ പദ്ധതിയും പ്രാവർത്തികമാക്കാൻ നടപടി വേഗത്തിലാക്കി മാരിടൈം ബോർഡ്. ചൈന്നെ ആസ്ഥാനമായ കമ്പനിയാണ് രണ്ട് പദ്ധതിക്കും സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നത്. കൊച്ചിയിൽനിന്ന് ദുബൈയിലേക്കാണ് ഗൾഫ് യാത്രാ കപ്പൽ ആലോചിക്കുന്നത്.
കമ്പനി പ്രതിനിധികളെ പങ്കെടുപ്പിച്ച് മാരിടൈം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചർച്ച നടത്തിയിരുന്നു. സർവിസിന് ഉപയോഗിക്കുന്ന കപ്പലിന്റെ വിവരങ്ങളുൾപ്പെടെ ഒരു മാസത്തിനകം സമർപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭ്യമാക്കി ലൈസൻസിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന് അപേക്ഷ നൽകലാണ് അടുത്തഘട്ടം. നടപടി വേഗത്തിലാക്കാൻ എല്ലാ ഇടപെടലും നടത്തുമെന്ന് മാരിടൈം ബോർഡും സംസ്ഥാന സർക്കാറും കമ്പനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
അഴീക്കൽ, ബേപ്പൂർ, കൊച്ചി, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെ ബന്ധിപ്പിച്ചാണ് ‘കോസ്റ്റൽ ക്രൂസ്’ പദ്ധതി. ഇതിന് താൽപര്യപത്രം ക്ഷണിച്ച് സംരംഭകരുടെ യോഗം ചേർന്നിരുന്നു. സംസ്ഥാനത്തെ പ്രധാന ചെറുകിട-ഇടത്തരം തുറമുഖങ്ങൾക്ക് ഐ.എസ്.പി.എസ് കോഡും ഇന്റർനാഷൻ ചെക്ക് പോയന്റ് സ്റ്റാറ്റസുമുള്ളതിനാൽ യാത്ര-ടൂറിസം കപ്പൽ സർവിസുകൾ നടത്താൻ തടസ്സമുണ്ടാവില്ല.
രാത്രി കപ്പലിൽ താമസിക്കാനാവുന്ന ‘ഓവർനൈറ്റ് ക്രൂസ്’, ആഴക്കലിലേക്ക് യാത്രചെയ്യാനാവുന്ന ‘ഡീപ് സീ അഡ്വഞ്ചർ ക്രൂസ്’, സൂര്യോദയം മുതൽ അസ്തമയം വരെയുള്ള കടലിലെ ‘വൺ ഡേ ട്രിപ്’ ആയ ‘സൺസെറ്റ് ഡിന്നർ ക്രൂസ്’, കപ്പലുകളിൽ വിവിധ ചടങ്ങുകൾ നടത്താവുന്ന ‘സ്പെഷൽ ഇവന്റ് ഹോസ്റ്റിങ്’ എന്നിവയാണ് താൽപര്യപത്രത്തിൽ മാരിടൈം ബോർഡ് മുന്നോട്ടുവെച്ചിരുന്നത്. ക്രൂസ് ടൂറിസത്തിന് കേരളത്തില വലിയ സാധ്യകളുണ്ടെന്നാണ് മാരിടൈം ബോർഡ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.