മദ്യവിൽപനശാലയിൽ തോക്ക് ചൂണ്ടിയ സംഭവം: സംഘത്തിൽ സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതി
text_fieldsതൃശൂർ: പൂത്തോളിൽ കൺസ്യൂമർഫെഡ് മദ്യവിൽപനശാലയിൽ ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിൽ സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതിയും. കോഴിക്കോട് മീഞ്ചന്ത ജഫ്സീന മൻസിലിൽ ജിഫ്സൽ (41) ആണ് സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതി. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ 16ാം പ്രതിയും എൻ.ഐ.എ കേസിൽ 21ാം പ്രതിയുമാണ് ഇയാൾ. തോക്ക് ചൂണ്ടിയ കേസിലെ നാലാം പ്രതിയാണ് ജിഫ്സൽ.
ജിഫ്സലിനെ കൂടാതെ പാലക്കാട് എടത്തനാട്ടുകര വട്ടമണ്ണപുറം പാറേക്കാട്ട് വീട്ടിൽ അബ്ദുൽ നിയാസ് (41), കോഴിക്കോട് മാങ്കാവ് കളത്തിൽ വീട്ടിൽ നിസാർ (37), പൊന്നാനി പാലപ്പെട്ടി ആലിയമിന്റകത്ത് വീട്ടിൽ റഫീക്ക് (40) എന്നിവരെയാണ് ടൗൺ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ മദ്യവിൽപനശാലയിൽ അതിക്രമിച്ചുകയറിയ സംഘം മദ്യം ആവശ്യപ്പെടുകയും പ്രവർത്തനസമയം കഴിഞ്ഞെന്ന് അറിയിച്ചതിനെ തുടർന്ന് സെക്യൂരിറ്റി ഗാർഡിനെയും ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം കവരാൻ ശ്രമിക്കുകയുമായിരുന്നു. കാറിൽ രക്ഷപ്പെട്ട സംഘത്തെ നഗരത്തിലെ ബാറിൽനിന്നാണ് പിടികൂടിയത്. നിയാസ് ആണ് തോക്ക് ചൂണ്ടിയത്. ഇയാൾ നേരത്തേ തൃശൂരിൽ ഹോട്ടൽ നടത്തിയിരുന്നു. ഇതാണ് നാലുപേരും തമ്മിലുള്ള പരിചയം.
പരസ്പരം ഒത്തുകൂടുന്നതിനാണ് തൃശൂരിലെത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി. എന്നാൽ, ജിഫ്സൽ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതോടെ വിശദ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.
2020 ജൂണിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽ നയതന്ത്ര ബാഗ് വഴി കടത്തിയ സ്വർണം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.