കേരളം ഗുണ്ടകളുടെ പറുദീസയെന്ന് പ്രതിപക്ഷം; ഗുണ്ടകളെ നിലക്കു നിർത്തുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് നിഷ്ക്രിയമെന്നും അതു കൊണ്ടാണ് ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്നതെന്നും ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. വിഷയം നിയമസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സി.പി.എം നേതാക്കൾക്കും മധ്യമേഖലയിൽ പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഗുണ്ടാസംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് പി.ടി തോമസ് ആരോപിച്ചു.
ഗുണ്ടകളുടെ പ്രവർത്തനം വ്യാപകമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സാഹചര്യമാണുള്ളത്. സാധാരണക്കാരൻ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയാൽ അക്കാര്യം 10 മിനിട്ടിനുള്ളിൽ ഗുണ്ടകളുടെ കൈകളിലെത്തും. കൊച്ചിയിലെയും കണ്ണൂരിലെയും ഉന്നതരായ സി.പി.എം നേതാക്കൾക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്നും പി.ടി തോമസ് പറഞ്ഞു. കൊച്ചി സ്വദേശി സാന്ദ്ര തോമസിന്‍റെ വീടും വസ്തുവകകളും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതും മുഖ്യമന്ത്രിയുടെ പേരിൽ പണംത്തട്ടിപ്പ് നടക്കുന്നതും ഉദാഹരണമായി പി.ടി തോമസ് ചൂണ്ടിക്കാട്ടി.
ഗുണ്ടകളെ നിലക്കു നിർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി നൽകി. ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാറിനുള്ളത്. തന്‍റെ അടുത്ത നിൽക്കുന്ന ആളാണെങ്കിലും സുരക്ഷിത കവചം നൽകില്ല. പൊലീസും ഗുണ്ടകളുമായി ബന്ധമുണ്ടോയെന്ന് അറിയില്ല. ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഗുണ്ടകളുടെ പറുദീസയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന് ഗുണ്ടാ ആക്രമണങ്ങൾ നോക്കാൻ സമയമില്ല. ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരമാണ് നടക്കുന്നത്. സംസ്ഥാനം തിരുട്ട് ഗ്രാമമായി മാറി. പൊലീസിന് ഗുണ്ടകളുമായി അടുത്ത ബന്ധമുള്ളപ്പോൾ എന്ത് നീതിയാണ് ജനങ്ങൾക്ക് ലഭിക്കുകയെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.