റിമാൻഡിൽ കഴിയുന്നതിനിടെ ഗുണ്ടനേതാവിന്‍റെ ഫേസ്ബുക്ക് ഭീഷണി; വിവാദം, റെയ്ഡ്
text_fieldsപാലാ: റിമാൻഡിൽ കഴിയുന്നതിനിടെ ഗുണ്ടനേതാവ് ഫേസ്ബുക്കിൽ ഭീഷണിക്കുറിപ്പിട്ടത് വിവാദമായതോടെ, പാലാ സബ് ജയിലിൽ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെയും പൊലീസിെൻറയും നേതൃത്വത്തിൽ റെയ്ഡ്. കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർപ്പൂക്കര കൊപ്രായിൽ ജെയിസ്മോൻ ജേക്കബാണ് (അലോട്ടി -27) റിമാൻഡിൽ കഴിയുന്നതിനിടെ, എതിരാളിയായ മറ്റൊരു ഗുണ്ടസംഘത്തലവൻ കുടമാളൂർ സ്വദേശി അരുൺ ഗോപനെ ഭീഷണിപ്പെടുത്തിയത്.
ഗാന്ധിനഗർ പൊലീസ് രജിസ്റ്റർ ചെയ്‌ത ചാരായക്കേസിൽ കോടതി റിമാൻഡ് ചെയ്‌ത അലോട്ടിയെ, കടുത്തുരുത്തി പൊലീസ് രജിസ്റ്റർ ചെയ്‌ത കഞ്ചാവ് കേസിലും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് ശനിയാഴ്‌ച കോടതി റിമാൻഡ് ചെയ്‌ത് പാലാ ജനറൽ ആശുപത്രിയിലെ ക്വാറൻറീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായാണ് ക്വാറൻറീൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്. സാമ്പിൾ പരിശോധനയിൽ രോഗമില്ലെന്ന് കണ്ടെത്തിയാലാണ് ജയിലിലേക്ക് മാറ്റുന്നത്.
ഇങ്ങനെ ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് വ്യാഴാഴ്‌ച രാത്രി തെൻറ ഫേസ്ബുക്ക് പേജിലൂടെ അലോട്ടി ഭീഷണി മുഴക്കിയത്. ''ഞാൻ ഇവിടെത്തന്നെയുണ്ട്...'' എന്നു തുടങ്ങുന്ന ഭീഷണിക്കുറിപ്പ് അരുൺ ഗോപനെ ടാഗ് ചെയ്‌താണിട്ടത്. കടുത്തുരുത്തിയിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അലോട്ടിയെ കുടുക്കിയത് അരുൺ ഗോപനും സംഘവുമാണെന്നാണ് ഇയാളുടെ സംഘാംഗങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതേതുടർന്നാണ് ഭീഷണി. ഇയാൾ ഫോണിൽ പലരെയും വിളിച്ചതായും സൂചനയുണ്ട്.
റിമാൻഡിൽ കഴിയുന്ന പ്രതി സമൂഹമാധ്യമം ഉപയോഗിച്ചത് വാർത്തയായതോടെ, സബ്ജയിലിലെ സെല്ലിലേക്ക് ഇയാളെ മാറ്റി. തുടർന്നായിരുന്നു പാലാ സബ്ജയിലിലെ പരിശോധന. ഇയാൾ കഴിഞ്ഞ ആശുപത്രിയിലെ മുറിയിലും തിരച്ചിൽ നടത്തി. ജയിലിൽനിന്ന് ഒരു സിം കാർഡും ഫോണും കണ്ടെടുത്തു.
പ്രതിയെ ശനിയാഴ്‌ച പാലായിൽനിന്ന് കോട്ടയം സബ് ജയിലിലേക്ക് മാറ്റുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. അതിനിടെ, അലോട്ടിക്കെതിരെ അരുൺ ഗോപൻ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. വധഭീഷണി മുഴക്കിയെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.