കമ്പമലയിൽ മാവോവാദികളും തണ്ടർബോൾട്ടും തമ്മിൽ വെടിവെപ്പ്
text_fieldsമാനന്തവാടി: കമ്പമലയിൽ കെ.എഫ്.ഡി.സിക്കുകീഴിലെ തേയിലത്തോട്ടത്തിനുസമീപം ഉൾക്കാട്ടിൽ മാവോവാദികളും തണ്ടർബോൾട്ടും തമ്മിൽ വെടിവെപ്പ്. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. കെ.എഫ്.ഡി.സി റിസോർട്ടിന് സമീപത്തെ തേൻകുന്ന് ആനകുന്ന് കൂരച്ചാൽ മേഖലകളിലാണ് വെടിവെപ്പ് നടന്നത്. ഒമ്പത് തവണ വെടിയൊച്ച കേട്ടതായാണ് റിസോർട്ട് ജീവനക്കാർ പൊലീസിനെ അറിയിച്ചത്. പതിവ് പരിശോധനയുടെ ഭാഗമായി തണ്ടർ ബോൾട്ട് നടത്തിയ പരിശോധനക്കിടെ മാവോവാദികൾ മുന്നിൽപെടുകയായിരുന്നു. ഇതോടെ തണ്ടർബോൾട്ടിനുനേരേ വെടിയുതിർത്തു. തിരിച്ചും വെടിയുതിർത്തതോടെ മാവോവാദികൾ ഉൾക്കാട്ടിലേക്ക് വലിഞ്ഞു. തണ്ടർബോൾട്ടിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മാവോവാദികൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് മാനന്തവാടി ഡിവൈ.എസ്.പി പി. ബിജുരാജിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. കണ്ണൂർ ജില്ലയിലെ പാൽചുരത്തോട് ചേർന്ന ഭാഗത്താണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ പാൽചുരം, കൊട്ടിയൂർ വനമേഖലകളിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 24ന് നാലംഗ മാവോവാദി സംഘം കമ്പമല പാടിയിൽ എത്തി തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനം നൽകി മടങ്ങിയിരുന്നു. സി.പി. മൊയ്തീൻ, സോമൻ, ആഷിഖ് എന്ന മനോജ്, സന്തോഷ് എന്നിവരാണ് എത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കെ.എഫ്.ഡി.സി വനം ഡിവിഷൻ ഓഫിസും പാടിയിൽ പൊലീസ് സ്ഥാപിച്ച കാമറകളും അടിച്ച് തകർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.