മാമൂലുകള്‍ തിരുത്തിക്കുറിച്ചയാളാണ് ഗുരുദേവന് -സ്വാമി സച്ചിദാനന്ദ
text_fieldsവർക്കല: പണ്ടുണ്ടായിരുന്ന മാമൂലുകള്‍ തിരുത്തിക്കുറിച്ചയാളാണ് ഗുരുദേവനെന്ന് സ്വാമി സച്ചിദാനന്ദ. അങ്ങനെയാണ് അരുവിപ്പുറം പ്രതിഷ്ഠയും കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലുമായി നിരവധി ക്ഷേത്രങ്ങളും മഠങ്ങളും ആശ്രമങ്ങളും ശാന്തിക്കാരുടെ പരമ്പരയും സന്യാസിസംഘവും ഗുരു സ്ഥാപിച്ചത്.
ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന ഈവക പ്രവര്‍ത്തനങ്ങളാണ് ഭ്രാന്താലയമായിരുന്ന രാജ്യത്തെ തീര്‍ഥാലയമാക്കി മാറ്റിയത്. കേരളമൊഴിച്ചുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും മേല്‍വസ്ത്രം ധരിച്ചുകൊണ്ട് ക്ഷേത്രദര്‍ശനമാകാം. കേരളത്തില്‍ തന്നെ ശബരിമലയിലും ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം തുടങ്ങിയ ഗുരുദേവ സ്ഥാപനങ്ങളിലും മേല്‍വസ്ത്രം ധരിച്ച് പ്രവേശിക്കുന്നുണ്ട്.
പഴയ മാമൂലുകള്‍ മുറുകെപ്പിടിച്ച് മുന്നോട്ടുപോയാല്‍ മതിയെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ അഭിപ്രായം രാജ്യത്തെ 100 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകും. അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞ പ്രയോഗം അദ്ദേഹത്തിന്റെ സംസ്കാരത്തെ വെളിപ്പെടുത്തുന്നതാണ്. കരിയും കരിമരുന്നും ആവശ്യമില്ലെന്ന് ഗുരു പറഞ്ഞത് ഇപ്പോള്‍ കോടതിയും അംഗീകരിച്ചു. പക്ഷേ, സുകുമാരന്‍ നായരെപ്പോലുള്ള മാമൂല് വിശ്വാസികള്‍ കോടതിയുടെ അഭിപ്രായത്തെ മാനിക്കുന്നില്ല. ഇത് രാജ്യത്തിന് അപകടമാണ്. ക്രൈസ്തവ, ഇസ്ലാം മതങ്ങളെക്കുറിച്ച് ഇങ്ങനെ സംസാരിക്കുമോയെന്ന് ചോദിക്കുന്നവരുണ്ട്. അവര്‍ക്കാവശ്യമായ പരിഷ്കാരവും പുതുതായി ആവശ്യമായതും മതനേതാക്കള്‍ നിര്‍വഹിക്കുന്നുണ്ട്. പഴയ മാമൂലുകള്‍ക്കപ്പുറത്ത് പരിഷ്കൃതിയും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമായ നടപടികളാണ് നേതാക്കന്മാരില് നിന്നുമുണ്ടാകേണ്ടത്. മഹാനായ മന്നത്ത് പത്മനാഭന് പരിഷ്കാരങ്ങളെ ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍, ചില നായര്‍ സമുദായ നേതാക്കന്മാര് ഹിന്ദുമതത്തിന്റെ വളര്‍ച്ചക്ക് തടസ്സമായി നില്‍ക്കുന്നെന്ന് മന്നത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. സുകുമാരന്‍ നായരും ഈ പാതയാണോ പിന്തുടരുന്നതെന്ന് സന്ദേഹമുണ്ട് -സ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.