ഗുരുവായൂർ മാസ്റ്റർപ്ലാൻ നിർദേശങ്ങൾ കൗൺസിലിൽ
text_fieldsഗുരുവായൂർ: 20 വർഷത്തെ ഗുരുവായൂരിന്റെ വികസനം മുൻകൂട്ടി കണ്ടുള്ള മാസ്റ്റർപ്ലാൻ നിർദേശങ്ങൾ കൗൺസിലിൽ അവതരിപ്പിച്ചു. അമൃത് പദ്ധതി നടപ്പാക്കുന്ന നഗരമെന്ന നിലയിൽ ഭൂമിശാസ്ത്ര വിവരസംവിധാനത്തിൽ (ജി.ഐ.എസ്) തയാറാക്കിയ മാസ്റ്റർപ്ലാനാണ് ടൗൺ പ്ലാനിങ് വിഭാഗം കൗൺസിലിൽ അവതരിപ്പിച്ചത്.
ആറ് മേഖലകൾ
ടെമ്പിൾ കോർ (ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ), തീർഥാടക സോൺ, മിക്സഡ് സോൺ, പാർപ്പിട മേഖല, കൃഷിയും പാർപ്പിടങ്ങളും ചേർന്ന മേഖല, കണ്ടൽക്കാടുകൾ, ജലാശയങ്ങൾ, വയലുകൾ എന്നിവയടങ്ങിയ മേഖല എന്നിങ്ങനെ ആറ് മേഖലകളാക്കി നഗരസഭയെ തരംതിരിച്ചാണ് മാസ്റ്റർപ്ലാൻ തയാറാക്കിയിട്ടുള്ളത്. തീർഥാടക സോണിൽ കെട്ടിടങ്ങളുടെ ഉയരം 10 മീറ്ററിൽ പരിമിതപ്പെടുത്താനും ഇനിയുള്ള നിർമാണങ്ങൾ കേരളീയ മാതൃകയിലാക്കാനും നിർദേശമുണ്ട്.
റോഡുകൾ
ഗുരുവായൂരിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതകൾ വീതി കൂട്ടണം. തൃശൂർ-ചൂണ്ടൽ, കുന്നംകുളം-ചാവക്കാട് റോഡുകൾ 23 മീറ്ററും മമ്മിയൂർ-പൊന്നാനി റോഡ് 15 മീറ്ററും ആക്കണം. ഔട്ടർ റിങ് റോഡ്, ചാവക്കാട്-കാഞ്ഞാണി റോഡ്, ചൊവ്വല്ലൂർപ്പടി-പാവറട്ടി റോഡ് എന്നിവ 15 മീറ്ററാക്കണം. ഇന്നർ റിങ് റോഡ്, ഗുരുവായൂർ-കാരക്കാട്, ഗുരുവായൂർ-മുതുവട്ടൂർ, പേരകം റോഡ്, തമ്പുരാൻപടി-കോട്ടപ്പടി, മാവിൻചുവട്-ശവക്കോട്ട, ഗുരുവായൂർ-ചെമ്മണൂർ എന്നിവ 12 മീറ്ററാക്കണം. ഓവുങ്ങൽപള്ളി-തമ്പുരാൻപടി, കോട്ടപ്പടി, ചൊവ്വല്ലൂർപ്പടി, പാവറട്ടി, ചാവക്കാട് ഭാഗങ്ങളെ ബന്ധിപ്പിച്ച് 20.5 കി.മീ. നീളത്തിൽ റിങ് റോഡ് നിർദേശമുണ്ട്.
മറ്റ് നിർദേശങ്ങൾ
- കാവീട് നോർത്ത്, പിള്ളക്കാട്, ചക്കംകണ്ടം, ബ്രഹ്മകുളം എന്നിവിടങ്ങളിൽ വികേന്ദ്രീകൃത മലിനജല സംസ്കരണ കേന്ദ്രങ്ങൾ.
- ചൂൽപുറത്തെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് പ്ലാസ്റ്റിക് പൈറോലിസിസ് പ്ലാന്റായി നവീകരിക്കുക. ഇപ്പോഴത്തെ ചൂൽപ്പുറം കേന്ദ്രം അപര്യാപ്തമായതിനാൽ അഞ്ച് കേന്ദ്രങ്ങളിലായി ഖരമാലിന്യ സംസ്കരണ യൂനിറ്റ്. തമ്പുരാൻപടിയിലും കോട്ടപ്പടിയിലും മാർക്കറ്റുകൾ, തൈക്കാട് ജങ്ഷനിൽ മൾട്ടി ഫങ്ഷനൽ സെന്റർ.
- ഒരുദിവസത്തെ തീർഥാടന യാത്ര സർക്യൂട്ട്.
- ഗുരുവായൂർ, ചാവക്കാട്, കുന്നംകുളം നഗരസഭകളിലെ ടൂറിസം ആകർഷണകേന്ദ്രങ്ങളെ യോജിപ്പിച്ച ടൂറിസം സർക്യൂട്ട്. സ്പോർട്സ് വില്ലേജ്.
- ചക്കംകണ്ടത്ത് ടൂറിസം വികസനം.
തുടർ നടപടികൾ
കരട് മാസ്റ്റർപ്ലാനിലേക്ക് നിർദേശങ്ങൾ സ്വീകരിക്കലാണ് അടുത്ത ഘട്ടം. കൗൺസിൽ, വർക്കിങ് ഗ്രൂപ്പുകൾ, വിദഗ്ധർ തുടങ്ങിയവരുടെ നിർദേശങ്ങൾ പ്രത്യേക സമിതി പരിശോധിക്കും. പ്രത്യേക സമിതിയുടെ ശിപാർശകൾ അടങ്ങുന്ന കരട് മാസ്റ്റർപ്ലാൻ കൗൺസിൽ ചർച്ച ചെയ്ത് അംഗീകരിച്ച ശേഷം ചീഫ് ടൗൺ പ്ലാനർക്ക് കൈമാറും.
തുടർന്ന് സർക്കാറിന് കൈമാറുന്ന കരട് മാസ്റ്റർപ്ലാൻ ഗസറ്റിൽ വിജ്ഞാപനം ചെയ്യും. ഡെപ്യൂട്ടി ടൗൺ പ്ലാനർ ജീവ ലിസ സേവ്യറാണ് കൗൺസിലിൽ കരട് നിർദേശങ്ങൾ അവതരിപ്പിച്ചത്.
ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. അനീഷ്മ ഷനോജ്, എ.എം. ഷെഫീർ, എ.എസ്. മനോജ്, കെ.പി. ഉദയൻ, പ്രഫ. പി.കെ. ശാന്തകുമാരി, എ. സായിനാഥൻ, ശോഭ ഹരിനാരായണൻ, കെ.പി.എ. റഷീദ്, സി.എസ്. സൂരജ്, സിൽവ ജോഷി എന്നിവർ സംസാരിച്ചു.
മാസ്റ്റർ പ്ലാനിനെതിരെ സി.പി.എം അംഗവും
കരട് മാസ്റ്റർപ്ലാൻ അവ്യക്തമാണെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയവരിൽ ഭരണപക്ഷത്തെ സി.പി.എം കൗൺസിലറും. ആർ.വി. ഷെരീഫാണ് മാസ്റ്റർപ്ലാനിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. പ്രതിപക്ഷത്തെ കെ.പി. ഉദയൻ, കെ.പി.എ. റഷീദ് എന്നിവരും വിമർശനവുമായി രംഗത്തെത്തി. ഒരുദിവസം ഗുരുവായൂരിലെത്തുന്നവരുടെ ശരാശരി എണ്ണം 30,000 ആണെന്ന കരട് മാസ്റ്റർപ്ലാനിലെ പരാമർശവും ചർച്ചയായി.
കേരളത്തിന്റെ ആകെ ജനസംഖ്യക്ക് തുല്യമായ എണ്ണം ആളുകളാണ് ഒരുവർഷം ഗുരുവായൂരിലെത്തുന്നത് എന്നായിരുന്നു കൗൺസിലർമാരുടെ ചൂണ്ടിക്കാട്ടൽ. എന്നാൽ, ഗുരുവായൂരിലെത്തുന്നവരുടെ കണക്ക് സംബന്ധിച്ച് രേഖകളൊന്നും ലഭിച്ചില്ലെന്നും പൊലീസിൽനിന്ന് ലഭിച്ച കണക്ക് പ്രകാരമാണ് 30,000 എന്നത് ഉൾപ്പെടുത്തിയതെന്നും നഗരാസൂത്രണ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. മറിച്ചുള്ള ഔദ്യോഗികരേഖകൾ ലഭിച്ചാൽ അത് ഉൾപ്പെടുത്തുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.