ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു
text_fieldsഗുരുവായൂർ: ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങൾക്കിടെ ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വൻ പൊലീസ് സന്നാഹത്തിെൻറ അകമ്പടിയോടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രഭരണം ഏറ്റെടുത്തത്.
പുലര്‍ച്ചെ 4.30ന് ക്ഷേത്രനട തുറക്കുന്ന സമയം താൽക്കാലിക എക്സിക്യൂട്ടിവ് ഓഫിസറുടെ ചുമതലയുള്ള ടി.സി. ബിജു പൊലീസ് സന്നാഹത്തോടെ ക്ഷേത്രത്തിലെത്തി. യൂനിഫോമിലല്ലാത്ത പൊലീസുകാരുടെ അകമ്പടിയോടെ ഉള്ളിലെത്തി ക്ഷേത്രം ഭാരവാഹികളെ കണ്ടു. ഭരണസമിതി നിയമിച്ചിരുന്ന ക്ഷേത്രം മാനേജര്‍ ശ്രീനിവാസെൻറ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് 83,803 രൂപ മലബാര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു. ബാഗിലുണ്ടായിരുന്ന രേഖകളും ഏറ്റെടുത്തിട്ടുണ്ട്. എ.സി.പിമാരായ പി.എ. ശിവദാസന്‍, എം.കെ. ഗോപാലകൃഷണന്, ടി.എസ്. സിനോജ്, സി.ഐമാരായ യു.എച്ച്. സുനില്‍ദാസ്, ഇ. ബാലകൃഷ്ണന്, ബി. സന്തോഷ്, കെ.സി. സേതു, ജെ. മാത്യു, കെ.കെ. സജീവ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൂറോളം വരുന്ന പൊലീസ് സംഘം സ്ഥലത്ത് നേരത്തെ നിലയുറപ്പിച്ചിരുന്നു. സി.ഐ ബി. ശുഭാവതിയുടെ നേതൃത്വത്തില്‍ അമ്പതോളം വനിത പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ചാവക്കാട് തഹസില്‍ദാര്‍ കെ. പ്രേംചന്ദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.കെ. ഷാജി ,എ.ഡി.എം സി.വി. സജന് എന്നിവരും സ്ഥലത്തെത്തി. ജലപീരങ്കിയും തയാറാക്കി നിർത്തിയിരുന്നു. കഴിഞ്ഞ െസപ്റ്റംബര്‍ 21ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പൊലീസ് സഹായത്തോടെ ക്ഷേത്രം ഏറ്റെടുക്കാന്‍ എത്തിയിരുന്നെങ്കിലും സംഘ്പരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മടങ്ങുകയായിരുന്നു. 12 പൊലീസുകാരെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് 5.30വരെ ക്ഷേത്രത്തില്‍ അടച്ചിടുകയും ചെയ്തിരുന്നു.
ക്ഷേത്രം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 2008 ല്‍ ജീവനക്കാരിലെയും പരിസരവാസികളിലെയും ഒരു വിഭാഗം മലബാര്‍ ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയത് മുതലാണ് തര്‍ക്കം ആരംഭിച്ചത്. സുപ്രീം കോടതിവരെ എത്തിയ നിയമപോരാട്ടത്തിന് ശേഷം കഴിഞ്ഞ ഏപ്രില്‍ 26ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തു. ഇതിനെതിരെ ക്ഷേത്രഭരണസമിതി ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് നടപടി സ്റ്റേ ചെയ്തു. ഭരണം വീണ്ടും നാട്ടുകാരടങ്ങിയ ഭരണസമിതിക്കായി. കോടതി സ്റ്റേ തള്ളിയതിനെത്തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഏറ്റെടുക്കാനെത്തിയപ്പോള്‍ പ്രതിഷേധിച്ച് മടക്കുകയായിരുന്നു. ഹൈകോടതി വഴി പൊലീസ് സുരക്ഷ ഉറപ്പാക്കിയാണ് ഇത്തവണ അധികൃതര്‍ ക്ഷേത്രം ഏറ്റെടുക്കാനെത്തിയത്. ക്ഷേത്രത്തിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് ഹിന്ദുെഎക്യവേദി നടത്തിയ പ്രതിഷേധ മാർച്ച് ക്ഷേത്രത്തിന് സമീപം പൊലീസ് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.