ഗുരുവായൂരപ്പന്‍റെ ഥാർ പുനർലേലം ചെയ്യും
text_fieldsഗുരുവായൂർ: ലേലത്തിൽ പിടിച്ച ഗുരുവായൂരപ്പന്‍റെ ഥാർ എസ്.യു.വി അമൽ മുഹമ്മദിന് ലഭിക്കില്ല. ഥാർ പുനർലേലം ചെയ്യാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ദേവസ്വം കമീഷണറുടെ നിർദേശമനുസരിച്ചാണ് വാഹനം പുനർലേലം ചെയ്യാൻ വ്യാഴാഴ്ച ചേർന്ന ഭരണസമിതി തീരുമാനിച്ചത്. ലേല തീയതി പിന്നീട് പരസ്യപ്പെടുത്തും. മഹീന്ദ്ര കമ്പനി ദേവസ്വത്തിലേക്ക് വഴിപാടായി നൽകിയ വാഹനം കഴിഞ്ഞ ഡിസംബറിലാണ് ദേവസ്വം ലേലം ചെയ്തത്. കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് 15.1 ലക്ഷത്തിന് ലേലം പിടിച്ചത്. ദേവസ്വം നിശ്ചയിച്ച അടിസ്ഥാന വില 15 ലക്ഷം രൂപയായിരുന്നു. ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്.
എന്നാൽ, ലേല നടപടികൾക്കെതിരെ ഹിന്ദുസേവ കേന്ദ്രം പ്രവർത്തകർ ഹൈകോടതിയെ സമീപിച്ചു. പരാതികൾ കേട്ട് ഉചിതമായ തീരുമാനമെടുക്കാൻ കോടതി നിർദേശം നൽകി. ഇതനുസരിച്ച് കമീഷണർ ഗുരുവായൂരിൽ ഹിയറിങ് നടത്തി. വാഹനം പുനർലേലം ചെയ്യാനാണ് കമീഷണർ ഭരണസമിതിക്ക് നിർദേശം നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുനർലേലം നടത്തുന്നത്.
ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, മനോജ് ബി. നായർ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി. മോഹന കൃഷ്ണൻ, സി. മനോജ്, കെ.ആർ. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.