ഗുരുവായൂർ ക്ഷേത്രം ലോക്കറ്റ് വിൽപന: അക്കൗണ്ടിലെ കുറവ് ബാങ്ക് തിരിച്ചടച്ചു
text_fieldsഗുരുവായൂര്‍: ഗുരുവായൂരപ്പെൻറ സ്വർണം, വെള്ളി ലോക്കറ്റുകൾ വിറ്റ വകയിൽ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിൽ കണ്ടെത്തിയ കുറവിൽ 16 ലക്ഷം രൂപ ബാങ്ക് തിരിച്ചടച്ചു. 27.5 ലക്ഷം രൂപയാണ് അക്കൗണ്ടിൽ കുറവ് കണ്ടെത്തിയിരുന്നത്. ആദ്യഘട്ടത്തിൽ കണ്ടെത്തിയ 16 ലക്ഷമാണ് തിരിച്ചടച്ചത്. ബാക്കി സംഖ്യയും പലിശസഹിതം അടക്കാമെന്ന് ബാങ്ക് അധികൃതര്‍ ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്.
ക്രമക്കേട് നടന്ന ബാങ്കിനെതിരെയും നടപടി വേണമെന്ന് ദേവസ്വം ഭരണസമിതി യോഗത്തിൽ ആവശ്യമുയർന്നിരുന്നു. പണത്തിൽ കുറവ് കണ്ട സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ, അവധി ദിവസങ്ങളായതിനാൽ തിങ്കളാഴ്ചയേ പരാതി നൽകൂ എന്നാണ് ദേവസ്വത്തിെൻറ വിശദീകരണം. കാൽ കോടിയിലധികം രൂപ നഷ്ടമായ സംഭവം വേണ്ടത്ര ഗൗരവത്തോടെയല്ല ദേവസ്വം കൈകാര്യം ചെയ്യുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു.
വാർത്തയായതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ ദേവസ്വം തീരുമാനിച്ചത്. പണം നഷ്ടമായ സംഭവത്തിൽ ബാങ്കിലെ ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിത്യവും ബാങ്കിലടക്കുന്ന തുക സംബന്ധിച്ച് കൃത്യമായി പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷണം നടത്താൻ ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.