ഗുരുവായൂർ ഉത്സവം; ആനയോട്ടത്തിന് ഒരാന മാത്രം
text_fieldsഗുരുവായൂർ: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന ആനയോട്ടത്തിൽ ഒരാനയെ മാത്രം പങ്കെടുപ്പിക്കാൻ ദേവസ്വം തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടത്തിന്റെ നിർദേശം പാലിച്ചാണ് ദേവസ്വം ഭരണസമിതി ആനയെ കുറക്കാൻ തീരുമാനിച്ചത്. മൂന്ന് ആനകളെ പങ്കെടുപ്പിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
കോവിഡ് നിയന്ത്രണങ്ങൾക്ക് മുമ്പ് അഞ്ച് ആനകൾ ഉണ്ടായിരുന്നു. ദേവസ്വം കമീഷണർ ബിജു പ്രഭാകറിന്റെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാത്രി ചേർന്ന ദേവസ്വം ഭരണസമിതിയുടെ അടിയന്തര യോഗത്തിലാണ് ആനയെ കുറക്കാൻ തീരുമാനമെടുത്തത്. ജില്ല ബി കാറ്റഗറിയിൽ ആയതിനാൽ ആചാരപരമായ ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്ര മതിൽക്കെട്ടിനു പുറത്തേക്ക് ഒരു ആനയെ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് നേരത്തേ തീരുമാനം ഉണ്ടായിരുന്നു.
ഈ തീരുമാനം നടപ്പിലാക്കാൻ ദേവസ്വത്തോട് ജില്ല ഭരണകൂടം ആവശ്യപ്പെടുകയായിരുന്നു. ഫെബ്രുവരി 22ന് നടക്കുന്ന പള്ളിവേട്ട എഴുന്നള്ളിപ്പിനും 23ന് നടക്കുന്ന ഉത്സവ ആറാട്ടിലും മൂന്നു ആനകളെ പങ്കെടുപ്പിക്കാൻ അനുമതി തേടി ജില്ല ഭരണകൂടത്തിന് ദേവസ്വം കത്തു നൽകും. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം. ചടങ്ങിൽ പങ്കെടുക്കാനുള്ള ആനയെ നേരത്തേ തെരഞ്ഞെടുത്ത ആറു ആനകളിൽനിന്ന് നറുക്കിട്ടെടുക്കും.
യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.