ഗുരുവായൂരിലെ ചൂളംവിളിക്ക് നാളെ 30
text_fields1994 ജനുവരി ഒമ്പതിനായിരുന്നു ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം
ഗുരുവായൂര്‍: ക്ഷേത്രനഗരി തീവണ്ടിയുടെ ചൂളം വിളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്. 1994 ജനുവരി ഒമ്പതിനാണ് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ആദ്യ ട്രെയിനിന് പച്ചക്കൊടി കാണിച്ചത്. 23 കിലോമീറ്റർ വരുന്ന പാത നിര്‍മിച്ചത് തൃശൂര്‍-ഗുരുവായൂര്‍-കുറ്റിപ്പുറം പാതയുടെ ആദ്യഘട്ടമെന്ന നിലയിലായിരുന്നു. അമല നഗര്‍, പൂങ്കുന്നം എന്നിവ മാത്രമാണ് തൃശൂര്‍ - ഗുരുവായൂര്‍ പാതക്കിടയില്‍ ഉണ്ടായിരുന്ന സ്റ്റേഷനുകള്‍. യാത്രക്കാരുടെ കുറവുമൂലം അമല നഗറിലെ സ്റ്റേഷന് പിന്നീട് നിര്‍ത്തി. 2007ല്‍ പാത പൂര്‍ണമായി വൈദ്യുതീകരിച്ചു.
ആദ്യ കാലത്ത് 45 മിനിറ്റായിരുന്നു തൃശൂരില്‍ നിന്ന് ഗുരുവായൂരിലെത്താനെങ്കില് വൈദ്യുതീകരണവും പാത ബലപ്പെടുത്തലും കഴിഞ്ഞതോടെ സമയം 25 മിനിറ്റായി ചുരുങ്ങി. ഗുരുവായൂരില്‍ ട്രെയിന്‍ എത്തിയ നാള് മുതലുണ്ടായിരുന്ന ആവശ്യമായിരുന്ന കിഴക്കെനടയിലെ മേല്‍പാലം കഴിഞ്ഞ നവംബര്‍ 14ന് യാഥാര്‍ഥ്യമായി. ആദ്യം ഒരു ട്രെയിന്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ട്രെയിനുകളുടെ എണ്ണം ആറാണ്. കോവിഡ് കാലം വരെ ഏഴ് ട്രെയിന്‍ ഉണ്ടായിരുന്നു. എന്നാല്‍ വൈകീട്ട് അഞ്ചിന് ഉണ്ടായിരുന്ന തൃശൂര്‍ പാസഞ്ചര്‍ കോവിഡിന് ശേഷം പുനരാരംഭിച്ചില്ല.
എങ്ങോട്ട് പോകണമെന്ന് അറിയാത്ത പാത
1995 ഡിസംബര്‍ 17ന് അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് കല്‍മാഡി ഗുരുവായൂര്‍ കുറ്റിപ്പുറം പാതക്ക് തറക്കല്ലിട്ടെങ്കിലും പാത ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല. കുറ്റിപ്പുറം എന്നത് മാറ്റി താനൂര്‍, തിരൂര്‍, തിരുനാവായ എന്നീ സ്ഥലങ്ങളുടെ പേരുകളെല്ലാം പലപ്പോഴായി ഉയര്‍ന്നു. എന്നാല്‍ മലപ്പുറം ജില്ലയിലെ പ്രതിഷേധം മൂലം സര്‍വേ പൂര്‍ത്തിയാക്കാനായില്ല. തൃശൂര്‍ ജില്ലയില്‍ സര്‍വേ കഴിഞ്ഞിട്ടുണ്ട്. സ്ഥലമെടുപ്പിനായി ആരംഭിച്ച ഓഫിസുകള്‍ പല തവണ അടച്ചു. ഇപ്പോഴും ഒരു വാര്‍ഷികാഭ്യാസം കണക്കെ കേന്ദ്ര ബജറ്റില്‍ നിസാരമായ തുക പാതക്കായി വകയിരുത്തി വരുന്നുണ്ട്.
30ലെ പ്രതീക്ഷകള്‍
അമൃത് സ്റ്റേഷനാക്കി ഗുരുവായൂരിനെ ഉയര്‍ത്തുമെന്ന പ്രഖ്യാപനമാണ് 30ലെത്തുമ്പോഴുള്ള പ്രതീക്ഷകളില്‍ എടുത്തുപറയാനുള്ളത്. 3.93 കോടി അടങ്കല്‍ തുകക്കുള്ള പ്രവൃത്തികളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാല്‍നട മേല്‍പാലം, പുതിയ പ്രവേശന കവാടം. വാഹനങ്ങളുടെ സുഗമമായ നീക്കത്തിന് അനുയോജ്യമായ പ്രവേശന വഴികള്‍, കൂടുതല്‍ ഇടങ്ങളില്‍ മേല്‍ക്കൂര, തീവണ്ടി വിവരങ്ങള്‍ നല്‍കാനുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയെല്ലാം അമൃത് സ്റ്റേഷന്റെ ഭാഗമാണ്. കോവിഡിന് മുമ്പ് നിര്‍മാണം ആരംഭിച്ച ലിഫ്റ്റ് ഇപ്പോഴും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല എന്നത് പ്രഖ്യാപനങ്ങളെല്ലാം എന്ന് പൂര്‍ത്തിയാകും എന്ന സംശയം ഉയര്‍ത്തുന്നു.
ബര്‍ത്തുകള്‍ കൂട്ടണമെന്ന ആവശ്യം സ്റ്റേഷനിലെത്തി
ഗുരുവായൂരില്‍ ഉണ്ടായിരുന്ന റെയില്‍വേയുടെ ബുക്കിങ് സെന്ററില്‍ നിന്ന് റിസര്‍വ് ചെയ്യാവുന്ന ബര്‍ത്തുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന പൗരസമിതിയുടെ ആവശ്യമാണ് വളര്‍ന്ന് സ്റ്റേഷനിലെത്തിയത്. ബര്‍ത്ത് വര്‍ധിപ്പിക്കുന്നതിന് പകരം ഗുരുവായൂരില്‍ റെയില്‍വേ സ്റ്റേഷന് വേണമെന്ന് ആവശ്യപ്പെട്ടുകൂടേ എന്ന പൗരസമിതി അധ്യക്ഷന്‍ സി.ജി. നായരുടെ ചോദ്യമാണ് സ്റ്റേഷന് എന്ന ആവശ്യമായത്.
ഗുരുവായൂരില്‍ എത്തുന്ന പ്രമുഖര്‍ക്കെല്ലാം ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്കാന് തുടങ്ങി. അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കേരളത്തിലെത്തിയപ്പോള്‍ ഇന്ദിരാഗാന്ധി താന്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ ഗുരുവായൂരില്‍ റെയില്‍വേ സ്റ്റേഷന് വരുമെന്ന് പ്രഖ്യാപിച്ചു. പക്ഷെ, ഇന്ദിര അധികാരത്തിലെത്തിയില്ല. പൗരസമിതി നേതാക്കളായ സി.ജി. നായരും പി.ഐ. സൈമനും കൂടി ഡല്‍ഹിയിൽ പോയി ജനത സര്‍ക്കാരിലെ റെയില്ലവേ മന്ത്രി മധു ദണ്ഡവതയെ നേരില്‍ കണ്ട് സ്റ്റേഷന് ആവശ്യം ഉന്നയിച്ച് നിവേദനം നല്കി.
ഇതിനിടെ എറണാകുളം - തിരൂര്‍ തീരദേശ പാതയാക്കി മാറ്റാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തി. സംഭവം അറിഞ്ഞ മുഖ്യമന്ത്രി കെ. കരുണാകരന് ഈ നീക്കത്തെ എതിര്‍ത്തു. തൃശൂരില്‍നിന്ന് ഗുരുവായൂരിലേക്ക് തീവണ്ടിയെത്തിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. കോണ്‍ഗ്രസ് സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്ന കമലാപതി ത്രിപാഠിയുമായി കരുണാകരനുള്ള അടുത്ത ബന്ധവും ഇക്കാര്യത്തിന് വേഗം വര്‍ധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.