ഗുരുവായൂർ ക്ഷേത്രം: തിരക്ക് നിയന്ത്രിക്കാൻ വനിതാ ജീവനക്കാരെയോ പൊലീസിനേയോ നിയോഗിക്കണം -ഹൈകോടതി
text_fieldsകൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ വനിതാ ജീവനക്കാരെയോ വനിതാ പൊലീസിനേയോ നിയോഗിക്കണമെന്ന് ഹൈകോടതി. ആവശ്യത്തിന് ജീവനക്കാരികളെ നിയമിക്കാനായില്ലെങ്കിൽ ഹിന്ദുമത വിശ്വാസികളായ വനിത സിവിൽ പൊലീസുകാരെ നിയോഗിക്കാനാണ് ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്. ഗുരുവായൂരിൽ തൊഴാനെത്തുന്ന സ്ത്രീകളെ സുരക്ഷാ ജീവനക്കാർ തള്ളുകയും അപമാനിക്കുകയും ചെയ്യുന്നുവെന്നാരോപിക്കുന്ന ഹരജികളാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്.
നാലമ്പലത്തിൽ മൂന്ന് വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കി. എന്നാൽ, തിരക്കു നിയന്ത്രിക്കാൻ ഇവർ മതിയാവില്ല. നാലമ്പലത്തിൽ വൻ തിരക്കുണ്ടാവുന്ന സാഹചര്യത്തിൽ കൂടുതൽ സ്ത്രീ സുരക്ഷ ജീവനക്കാരെ നിയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. തിരക്കു നിയന്ത്രിക്കാൻ ഭക്തരെ പലപ്പോഴും ശ്രീകോവിലിനു മുന്നിൽ നിന്ന് നീക്കം ചെയ്യേണ്ടി വരാറുണ്ടെന്നും ദേവസ്വം വിശദീകരിച്ചു. എന്നാൽ, ഇതിെൻറ പേരിൽ സ്ത്രീകളെ പിടിച്ചുതള്ളുന്നതും അപമാനിക്കുന്നതും ന്യായീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
തുടർന്നാണ് മതിയായ ജീവനക്കാരെ നിയോഗിക്കാൻ കോടതി ഉത്തരവിട്ടത്. വേണ്ടത്ര വനിതാ ജീവനക്കാരില്ലാത്തപക്ഷം വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നൽകണമെന്നും അപേക്ഷ ലഭിച്ചാൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം തൃശൂർ ജില്ലാ പൊലീസ് മേധാവി വിട്ടു നൽകണമെന്നും ഹൈകോടതിയുടെ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.