ചാരം മൂടാതെ ഗുരുവായൂർ തിരുവാഭരണ വിവാദം
text_fieldsഗുരുവായൂര്‍: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരനെ 'തിരുവാഭരണ കള്ളൻ' എന്ന് പ്രതിപക്ഷം വിളിച്ച സംഭവത്തിെൻറ ചുരുളഴിയുന്നത് തടഞ്ഞത് യു.ഡി.എഫ് ഭരണകാലത്തെ ദേവസ്വം ഭരണസമിതി അംഗം. തിരുവാഭരണ വിവാദത്തിെൻറ സത്യം പുറത്തുവരുമായിരുന്ന അന്വേഷണം തടയുകയായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. 2014 ഏപ്രില്‍ 25ന് ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ വറ്റിച്ചപ്പോൾ ലഭിച്ച ആഭരണങ്ങളെക്കുറിച്ച അന്വേഷണവും തടഞ്ഞു. വിവാദത്തിനില്ലെന്ന ആമുഖത്തോടെയാണ് കേസുമായി ബന്ധപ്പെട്ട ഓർമകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. കിണറ്റിൽനിന്ന് കണ്ടെടുത്ത ആഭരണം കോടതിയിലെ തൊണ്ടിയാക്കി സൂക്ഷിക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ തടഞ്ഞത് ദേവസ്വം ഭരണസമിതി അംഗം. ഇത് പുനരന്വേഷണത്തെ ബാധിച്ചു. ആ ആഭരണം ഇപ്പോഴും ദേവസ്വം ലോക്കറിലാണ്. ദേശീയ ശ്രദ്ധ നേടിയ വിവാദത്തിെൻറ ചുരുളഴിയാൻ സഹായിക്കുമായിരുന്ന തൊണ്ടിമുതലാണ് അത്.
1985ലാണ് വിവാദത്തുടക്കം. 1985 മാര്‍ച്ചില്‍ മേല്‍ശാന്തി മാറി, അടുത്തയാള്‍ക്ക് ചുമതല നല്കുമ്പോള് ശ്രീകോവിലില്‍ വിഗ്രഹത്തിന് ചാര്‍ത്തിയ 60 ഗ്രാം വരുന്ന 24 നീലക്കല്ലുകളും അമൂല്യ രത്നങ്ങളുമടങ്ങിയ നാഗപടത്താലി, 45 ഗ്രാം മഹാലക്ഷ്മി മാല, 90 ഗ്രാം നീലക്കല്ലുമാല എന്നിവ കാണാനില്ലായിരുന്നു. വഴിപാടായി കിട്ടിയതായിരുന്നു ഇവ. സംഭവം പുറത്തറിഞ്ഞതോടെ വിവാദമായി. സ്ഥാനമൊഴിഞ്ഞ മേല്ശാന്തിയിലേക്കു വരെ സംശയം നീണ്ടു. 1993ല്‍ കോടതി നിരപരാധിയെന്ന് കണ്ടെത്തി. പക്ഷേ, വിധി വരുംമുമ്പ് അദ്ദേഹം മരിച്ചു. ചിലരെ ഡല്‍ഹിയിലാണ് നുണ പരിശോധന നടത്തിയത്.
മുന്‍ എം.എല്‍.എ പി.ടി. മോഹനകൃഷ്ണനായിരുന്നു അക്കാലത്ത് ദേവസ്വം ചെയര്മാന്. ഇദ്ദേഹത്തിനും കരുണാകരനുമെതിരെ ആരോപണം പ്രചരിച്ചു. 1984ല്‍ 'ഗുരുവായൂര്‍ മാഹാത്മ്യം' സിനിമയുടെ ഷൂട്ടിങ്ങിന് തിരുവാഭരണങ്ങള്‍ പുറത്തുകൊണ്ടുപോയി തിരിച്ചെത്തിച്ചില്ലെന്ന് പ്രചാരണമുണ്ടായി. '87ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാറിലെ ദേവസ്വം മന്ത്രി വി. വിശ്വനാഥ മേനോനും കരുണാകരന് അറിവുണ്ടെന്ന മട്ടില്‍ പ്രസ്താവന നടത്തി. എങ്കിലും കേസിന്റെ ചുരുളഴിക്കാന്‍ കഴിഞ്ഞില്ല.
1985, 1990, 2007 വര്‍ഷങ്ങളില്‍ ദേവപ്രശ്നം നടത്തിയപ്പോഴെല്ലാം തിരുവാഭരണങ്ങള്‍ മണിക്കിണറ്റിലുണ്ടെന്ന് ദേവജ്ഞര്‍ പറഞ്ഞിരുന്നു. ആഭരണം കിണറ്റിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ചില മാധ്യമങ്ങളിലേക്കും പൊലീസ് സൂപ്രണ്ടിനും അജ്ഞാത കത്തും ലഭിച്ചു. 1990ലും 2013ലും മണിക്കിണര്‍ വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. 2014 ഏപ്രില്‍ 25ന് വീണ്ടും വറ്റിച്ചപ്പോള്‍ ചില ആഭരണങ്ങള്‍ കിട്ടി. ഇവ തിരുവാഭരണത്തിെൻറ മാതൃകയിൽ ഉള്ളതായിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. കുറച്ചു ഭാഗങ്ങൾ നഷ്ടപ്പെട്ടിരുന്നുവെങ്കിലും കേസ് ഫയലിലുള്ള വിവരണങ്ങളുമായി ഒത്തുപോകുന്നതായിരുന്നു കിണറ്റിൽനിന്ന് ലഭിച്ച ആഭരണങ്ങളും. ക്രിമിനൽ കേസ് നിലവിലുള്ളതിനാൽ ഇത് പൊലീസ് തൊണ്ടിമുതലായി എടുക്കാൻ ശ്രമിച്ചപ്പോഴാണ് ദേവസ്വം ഭരണസമിതി അംഗം തടഞ്ഞത്. കെ. കരുണാകരനു മേൽ കരിനിഴൽ വീഴ്ത്തിയ വിവാദത്തിെൻറ നിജസ്ഥിതി പുറത്തുവരാനുള്ള സാധ്യത അതോടെ അടഞ്ഞു.
കരുണാകരനും ദേവസ്വം ചെയർമാനായിരുന്ന പി.ടി. മോഹനകൃഷ്ണനും ആരോപണവിധേയനായ മേൽശാന്തിയും തിരുവാഭരണം വഴിപാട് നല്കിയ കുഞ്ഞിലക്ഷ്മിയമ്മയും കാലയവനികയിൽ മറഞ്ഞു. എന്നാൽ, ലോകത്തോട് എന്തൊക്കെയോ സത്യങ്ങൾ വിളിച്ചുപറയാനെന്നമട്ടിൽ മണിക്കിണറ്റിൽനിന്ന് കണ്ടെടുത്ത ആഭരണങ്ങൾ ഇപ്പോഴും ദേവസ്വം നിലവറയിലുണ്ട്. കരുണാകരെൻറ രാജിയിലെത്തിയ ചാരക്കേസ് പുനരന്വേഷണത്തിന് പിന്നാലെ 1987ലെ തോൽവിക്ക് കാരണമായ വിവാദങ്ങളിലൊന്നായ തിരുവാഭരണ കേസും വീണ്ടും സജീവ ചർച്ചയാവുകയാണ്. പ്രിയദര്ശന് -ടി. ദാമോദരന്‍ -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1988ല്‍ പുറത്തിറങ്ങിയ 'ആര്യൻ', ഇതേ കൂട്ടുകെട്ടിൽ 1991ല്‍ പുറത്തിറങ്ങിയ 'അദ്വൈതം' സിനിമകളിൽ തിരുവാഭരണ വിവാദം വിഷയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.