അമൃത് സ്റ്റേഷൻ ആവാൻ ഗുരുവായൂർ; തൃശൂർ റെയിൽവേ സ്റ്റേഷൻ വിമാനത്താവള മാതൃകയിലേക്ക്
text_fieldsതൃശൂർ: 411 കോടി രൂപ ചെലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുന്നതിന്റെയും ഗുരുവായൂർ അമൃത് സ്റ്റേഷൻ നിർമാണത്തിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുമെന്ന് ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. വിമാനത്താവള മാതൃകയിൽ നിർമിക്കുന്ന തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലുള്ള പാർക്കിങ് സൗകര്യത്തിന് പുറമേ 300 ലധികം കാറുകൾക്കുള്ള മൾട്ടി ലെവൽ പാർക്കിങ്, മുൻകൂർ റിസർവേഷനടക്കം എല്ലാ വിധ ടിക്കറ്റുകൾക്കുമായി 11 ടിക്കറ്റ് കൗണ്ടറുകൾ, കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും വാഹനങ്ങൾക്കുമായി പ്രത്യേക പാതകൾ, ജീവനക്കാർക്കായി അപ്പാർട്ടുമെന്റ് കോംപ്ലക്സ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറ് കവാടത്തിന് അഭിമുഖമായി പ്രവേശന കവാടം, വീതിയേറിയ രണ്ട് നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ബജറ്റ് ഹോട്ടൽ, വിവിധ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഒരുക്കുക. കേരളീയ വാസ്തുശിൽപ സൗന്ദര്യ സങ്കൽപം ആസ്പദമാക്കിയാണ് കെട്ടിട രൂപകൽപന. റെയിൽ ലാന്റ് ഡെവലപ്മെന്റ് അതോറിറ്റിക്കാണ് ഇതിന്റെ ചുമതല.
5.11 കോടി രൂപ ചെലവിലാണ് ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. സ്റ്റേഷനിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ പുതുക്കുന്നതിനും പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമായി നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, സർകുലേറ്റിങ് ഏരിയ മെച്ചപ്പെടുത്തൽ, വിപുലമായ പാർക്കിങ് സൗകര്യം, പൂന്തോട്ടങ്ങൾ, അറിയിപ്പുകൾ നൽകാനുള്ള ഡിജിറ്റൽ സൗകര്യം, അറിയിപ്പ് ബോർഡുകൾ, പ്ലാറ്റുഫോമും മേൽക്കൂരയും വികസിപ്പിക്കൽ, സ്റ്റെയിൻലെസ് സ്റ്റീൽ ബെഞ്ചുകൾ, വാഷ് ബേസിനുകൾ, മികച്ച വെളിച്ച സംവിധാനം, സി.സി.ടി.വി എന്നിവയാണ് നിർമിക്കുന്നത്. ഇത് കൂടാതെ ഗുരുവായൂർ സ്റ്റേഷനിൽ രണ്ട് കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ ലിഫ്റ്റുകൾ, മേൽക്കൂരകൾ, പ്ലാറ്റ്ഫോം ഉയർത്തൽ മുതലായ പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുമെന്നും പ്രതാപൻ പറഞ്ഞു. അമൃത് സ്റ്റേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ തൃശൂർ മണ്ഡലത്തിലെ ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ, പൂങ്കുന്നം സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
എം.പി ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം തൃശൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് പാർലമെന്റിലും കേന്ദ്ര റെയിൽവേ മന്ത്രിയോടും നിരവധി തവണ ആവശ്യപ്പെട്ടിരുന്നതായി പ്രതാപൻ പറഞ്ഞു. 2020 സെപ്റ്റംബർ 18ന് റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ ഈ വിഷയത്തിൽ ഉറപ്പ് ലഭിച്ചു. ഇതിനിടയിൽ രണ്ട് തവണ തൃശൂർ സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അവലോകന യോഗത്തിൽ പുരോഗതി അറിയിച്ചിരുന്നു.
ക്ഷേത്ര നഗരിയായ ഗുരുവായൂരിന്റെ പ്രാധാന്യം ഉൾക്കൊണ്ട് സ്റ്റേഷൻ വികസനത്തിന് പ്രധാനമന്ത്രിയോടും വകുപ്പ് മന്ത്രിയോടും രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അമൃത് സ്റ്റേഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഗുരുവായൂരിനെ ഉൾപ്പെടുത്തിയതെന്നും പ്രതാപൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.