ഗ്യാൻവാപി: കോടതി നടപടി ആശങ്കാജനകം -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ആശങ്കാജനകവും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്നതുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.
ജഡ്ജി അജയ് കൃഷ്ണ പദവിയിൽനിന്ന് വിരമിക്കുന്ന ദിവസം നടത്തിയ വിധി പ്രഖ്യാപനം വൻ ഗൂഢാലോചനയുടെ ഭാഗമാണെന്നേ വിലയിരുത്താനാവൂ. 1986ൽ ബാബരി മസ്ജിദ് പൂജക്കായി തുറന്നുകൊടുത്ത ഫൈസാബാദ് ജില്ലാ കോടതിയുടെ നടപടിക്ക് സമാനമാണിത്. പൂജക്കായുള്ള സജ്ജീകരണം ഒരാഴ്ചക്കുള്ളിൽ ഒരുക്കണം എന്ന ഉത്തരവ് കേൾക്കേണ്ട താമസം മസ്ജിദിന്റെ ബോർഡ് മറച്ച് ക്ഷേത്ര ബോർഡ് സ്ഥാപിച്ചത് കോടതി ഉത്തരവിന് പിന്നിലെ ഭരണകൂട ഗൂഢാലോചന വ്യക്തമാക്കുന്നുണ്ട്.
1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കീഴ്ക്കോടതികൾ, രാജ്യത്തെ വർഗീയാന്തരീക്ഷണം മുതലെടുത്ത് നീതിപൂർവകമല്ലാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്.
ജനുവരി 22ന്റെ രാമക്ഷേത്ര പ്രതിഷ്ഠക്കു ശേഷം രാജ്യത്ത് രൂപംകൊണ്ട ഹിന്ദുത്വ വിജയാഘോഷങ്ങളാണ് നിയമത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ കാറ്റിൽ പറത്താനും പക്ഷപതാപരമായോ വർഗീയമായോ ചിന്തിക്കാനും കോടതികളെ പ്രേരിപ്പിക്കുന്നതെങ്കിൽ അതിനെതിരെ മതേതര ജനാധിപത്യ വിശ്വാസികളുടെ ഏകകണ്ഠമായ ശബ്ദം ഉയരേണ്ടതുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനവയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.