'കുത്തിവെപ്പിൽനിന്ന് ഒഴിവാകാൻ സിഗരറ്റുകൊണ്ട് പൊള്ളിച്ച് പാട് വീഴ്ത്തി' -ഇതുപോലല്ല, അത് വല്ലാത്തൊരു കുത്തലായിരുന്നു
text_fieldsകോട്ടയം: കോവിഡ് വാക്സിനൊക്കെ എന്ത്? വസൂരി വാക്സിനെടുക്കലാണ് ശരിക്കും കുത്തിവെപ്പ്. ഇപ്പോഴത്തെപ്പോലെ സാധാരണ സിറിഞ്ചല്ല വസൂരി വാക്സിൻ കുത്തിവെക്കാനുപയോഗിക്കുന്നത്.
രണ്ട് നേർത്ത മുനകളുള്ള സൂചിയാണത്. വാക്സിനിൽ മുക്കിയശേഷം തോളിൽ വട്ടത്തിൽ കുത്തുകയാണ് െചയ്യുക. സൂചി കാണുന്നതേ പേടിയുള്ള അക്കാലത്ത് രണ്ട് മുനയുള്ള സൂചി കണ്ടാലുണ്ടാകുന്ന അവസ്ഥ പറയണ്ടേതില്ല. വേദനയോർത്ത് പേടിച്ച് പലരും ഒളിച്ചിരിക്കുമായിരുന്നു.
ലോകം കണ്ട ആദ്യവാക്സിനായ വസൂരി പ്രതിരോധ വാക്സിനെടുത്ത കുട്ടിക്കാലത്തെ ഓർമ പങ്കുവെക്കുകയാണ് പ്രമുഖ ഗൈനകോളജിസ്റ്റ് ഡോ. കാനം ശങ്കരപ്പിള്ള. അച്ചുകുത്ത് എന്നാണ് പറയുക. കുത്തിവെപ്പെടുക്കുന്ന വാക്സിനേറ്റർമാരെ അച്ചുകുത്തുപിള്ള എന്നും. കുട്ടികളുടെ പേടിസ്വപ്നമായിരുന്നു അച്ചുകുത്തുപിള്ളമാർ. പ്രൈമറി ക്ലാസിൽ പഠിക്കുേമ്പാഴാണ് ആദ്യ അച്ചുകുത്ത്. സ്കൂളിൽ ചെല്ലുേമ്പാഴായിരിക്കും കുത്തിവെപ്പിെൻറ കാര്യമറിയുക.
മടങ്ങിപ്പോരാനോ ഒളിച്ചിരിക്കാനോ സാധിക്കില്ല. അന്നൊക്കെ അച്ചുകുത്തിക്കഴിഞ്ഞാൽ പഴുക്കാതിരിക്കാനാണെന്നു പറഞ്ഞ് കുത്തിവെപ്പെടുത്ത സ്ഥലത്ത് അമ്മമാർ ചാണകംവെക്കും. അങ്ങനെ ചെയ്യുന്നത് കൂടുതൽ അപകടമുണ്ടാക്കുമെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. അച്ചുകുത്തൽ ഉണ്ടെന്ന് മുൻകൂട്ടി അറിഞ്ഞാൽ സ്കൂളിൽ വരാതിരിക്കും.
എന്നുകരുതി അച്ചുകുത്തിൽനിന്ന് രക്ഷപ്പെട്ടെന്ന് കരുതേണ്ട. മുൻകൂട്ടി അറിയിക്കാതെ മറ്റൊരു ദിവസം വന്ന് ബാക്കിയുള്ളവരെക്കൂടി കുത്തിവെക്കും. കുത്തിവെപ്പിൽനിന്ന് ഒഴിവാകാൻ സിഗരറ്റുകൊണ്ട് പൊള്ളിച്ച് പാട് വീഴ്ത്തി, വാക്സിൻ എടുത്തതാണെന്ന് പറഞ്ഞ മിടുക്കന്മാരും ഉണ്ട്. വാക്സിൻ എടുത്തുകഴിഞ്ഞാൽ ചിലർക്ക് പനിവരും. മിക്ക കുട്ടികളും രണ്ടുമൂന്നു ദിവസം സ്കൂളിൽ വരാതിരിക്കും.
അന്ന് വസൂരി മാരകരോഗമായിരുന്നു. അസുഖം വന്ന 50 ശതമാനം ആളുകളും മരിക്കും. 20 ശതമാനം പേർ വൈകല്യങ്ങൾക്കിരയാകും. വലിയാരുവിഭാഗം ആളുകൾക്ക് വസൂരിയെത്തുടർന്ന് അന്ധത ബാധിച്ചു. രോഗികൾ അനുഭവിക്കുന്ന സാമൂഹിക ഒറ്റപ്പെടലും വേറെ. അന്ന് ഇന്നത്തെപ്പോലെ വ്യാജ പ്രചാരണങ്ങളൊന്നും കേട്ടതായി ഓർക്കുന്നില്ല.
പേടിച്ചൊളിക്കുമെന്ന് മാത്രം. 1980ലാണ് ലോകം വസൂരിയിൽനിന്ന് വിമുക്തമായതായി ലോകാേരാഗ്യസംഘടന പ്രഖ്യാപിക്കുന്നത്. അതിനുശേഷം വസൂരി വാക്സിൻ കൊടുത്തിട്ടില്ല. അന്ന് വേദന സഹിച്ചെങ്കിലും തിരിഞ്ഞുനോക്കുേമ്പാൾ ഏറെ സന്തോഷമാണ് ഡോക്ടർക്ക്. ആധുനിക വൈദ്യശാസ്ത്രത്തിെൻറ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ലോകത്തെ വിറപ്പിച്ച വസൂരി നിർമാർജനം ചെയ്യാൻ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.