കോഴിക്കോട് പനി ബാധിച്ച് മരിച്ച പെൺകുട്ടിക്ക് എച്ച്1 എൻ1
text_fieldsഉള്ള്യേരി (കോഴിക്കോട്): ഗ്രാമപഞ്ചായത്തിലെ ആനവാതിലിൽ പനി ബാധിച്ച് മരിച്ച ഏഴാംക്ലാസ് വിദ്യാർഥിനിക്ക് എച്ച്1 എൻ1 വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഔദ്യോഗിക അറിയിപ്പുണ്ടായില്ലെങ്കിലും ജില്ല മെഡിക്കൽ ഓഫിസിൽനിന്ന് ഉള്ള്യേരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആനവാതിൽ കൂടത്തിങ്കൽ മീത്തൽ ഷൈജുവിന്റെ മകൾ ഋതുനന്ദ (12) പനിബാധിച്ച് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ച രാവിലെ പനിയെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടിക്ക് പനി കൂടിയതിനെ തുടർന്ന് ഞായറാഴ്ച രാത്രി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഋതുനന്ദയുടെ ഇരട്ട സഹോദരി ഋതുവർണ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
മരണപ്പെട്ട ഋതുനന്ദയുടെ വീടിന് ചുറ്റുമുള്ള 100 വീടുകളിൽ സർവേ ആരംഭിച്ചു. പ്രത്യേക മെഡിക്കൽ സംഘം വെള്ളിയാഴ്ച പ്രദേശത്ത് സന്ദർശനം നടത്തും. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവിധ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ആവശ്യമെങ്കിൽ പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്നും മെഡിക്കൽ ഓഫിസർ ഡോ. ബിനോയ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.