ഭരണഘടനാവകാശം അനുവദിച്ചുകിട്ടാൻ രണ്ടുവർഷം പീഡനം സഹിച്ചു -ഹാദിയ
text_fieldsകോഴിക്കോട്: ഭരണഘടന അനുവദിച്ച അവകാശം ഉപയോഗിച്ചതിെൻറ പേരിൽ രണ്ടുവർഷം പീഡിപ്പിക്കപ്പെട്ടതായി ഹാദിയ. ഇഷ്ടമുള്ള മതം സ്വീകരിച്ച് ജീവിക്കാനും ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും ഇന്ത്യൻ ഭരണഘടന പൗരന് അവകാശം നൽകുന്നുണ്ട്. ഇൗ രണ്ട് അവകാശവും ഉപയോഗപ്പെടുത്തിയതിെൻറ പേരിലാണ് കയ്പേറിയ മാനസിക പീഡനങ്ങൾക്ക് ഇരയായതെന്ന് ഹാദിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവാഹം സാധുവായി അംഗീകരിച്ച സുപ്രീംകോടതി വിധിയിൽ സന്തോഷം പങ്കിടാനാണ് ഹാദിയയും ശഫിൻ ജഹാനും മാധ്യമപ്രവർത്തകരുമായി സംവദിച്ചത്.
വിവാഹം അസാധുവാക്കി ഹൈകോടതി ഉത്തരവിട്ടതോടെ ശരിക്കും വീട്ടുതടങ്കലിലായിരുന്നുവെന്ന് ഹാദിയ പറഞ്ഞു. ‘‘സ്വതന്ത്ര ഇന്ത്യയിൽ സംഭവിക്കാൻ പാടില്ലാത്തതാണ് എെൻറ കാര്യത്തിൽ സംഭവിച്ചത്. പൊലീസ് നടപടി തീർത്തും ഏകപക്ഷീയവും നീതീകരിക്കാനാവാത്തതുമായിരുന്നു. ഞാൻ ഇഷ്ടപ്പെടാത്തവരെയാണ് പൊലീസ് എന്നെ കാണാൻ വീട്ടിലേക്ക് കടത്തിവിട്ടുകൊണ്ടിരുന്നത്. ഹിന്ദുമത പ്രചാരകരെയും സന്യാസിമാരെയും തൊഴുതുകൊണ്ട് പൊലീസ് സ്വീകരിച്ചു. സനാതന ധർമത്തെക്കുറിച്ച് പറഞ്ഞുതരാൻ മനഃശാസ്ത്ര ഡോക്ടർമാർ വന്നു. ജഡ്ജി പറഞ്ഞിട്ടാണ് വരുന്നതെന്നുവരെ കൗൺസലിങ്ങിന് എത്തിയ ചിലർ ധരിപ്പിച്ചു. സഹിക്കാൻ പറ്റാത്തതായിരുന്നു പലരുടെയും പെരുമാറ്റം. എെൻറ മനോവേദന പൊലീസിന് ഒട്ടും പ്രശ്നമല്ലായിരുന്നു’’ -ഹാദിയ പറഞ്ഞു.
സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാഹുൽ ഇൗശ്വറിനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ഹാദിയ വ്യക്തമാക്കി. തന്നെ വന്നു കണ്ടവരിൽ മുസ്ലിം പേരിലുണ്ടായിരുന്നത് ജാമിദ ടീച്ചർ മാത്രമാണ്. തുടർച്ചയായി രണ്ടുദിവസം വീട്ടിൽവന്ന അവർക്കും പറയാനുണ്ടായിരുന്നത് ഇസ്ലാം ഉപേക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു. ഇസ്ലാം സ്വീകരിക്കുകവഴി ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലേക്ക് ആക്കിയിരിക്കുകയാണെന്ന് ജാമിദ ടീച്ചർ പറഞ്ഞപ്പോൾ മന്തില്ലെന്ന് പറഞ്ഞ് കാൽപൊക്കി കാണിച്ചുകൊടുത്തു. ഇതേക്കുറിച്ച് അവർ പിന്നീട് തെൻറ മനോനില തെറ്റിയെന്ന രീതിയിലാണ് പ്രസ്താവന നടത്തിയത്. ഇസ്ലാമിലേക്ക് വന്നതും ഇഷ്ടപ്പെട്ട വരനെ സ്വീകരിച്ചതും വിവാദമാക്കിയത് ദേശവിരുദ്ധ ശക്തികളുടെ ഇടപെടലാണ്. വിവാഹം കഴിക്കാനല്ല മുസ്ലിമായത്. മറിച്ച്, ഇസ്ലാം സ്വീകരിച്ച ശേഷമാണ് ശഫിൻ ജഹാനെ ഭർത്താവായി സ്വീകരിച്ചത്. ഇസ്ലാമിനെ പൂർണമായി ഉൾക്കൊണ്ട് കേരളത്തിൽതന്നെ ജീവിക്കാനാണ് ആഗ്രഹം. ആടുമേയ്ക്കാൻ സിറിയയിലേക്ക് പോകാൻ താൽപര്യമുണ്ടെന്ന് തെൻറ പേരിൽ പ്രചരിച്ച ഒാഡിേയാ ക്ലിപ്പ് വ്യാജമാണ്.
ഇസ്ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ ഒരുഘട്ടം കഴിഞ്ഞപ്പോൾ എല്ലാ മുസ്ലിം സംഘടനകളും പിന്തുണച്ചിട്ടുണ്ട്. അവരോടൊക്കെ തീരാത്ത നന്ദിയുണ്ട്. പലരും തനിക്കുവേണ്ടി പ്രാർഥിക്കുകയും നോെമ്പടുക്കുകയും ചെയ്തു. ആരുടെ സഹായവും വിലകുറച്ച് കാണുന്നില്ല. ജമാഅത്തെ ഇസ്ലാമിയും തർബിയത്തുൽ ഇസ്ലാം സഭയും സഹായിച്ചില്ലെന്ന് പറഞ്ഞുപോയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. മാതാപിതാക്കളെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. അതുകൊണ്ടുതന്നെ തെൻറ മാതാപിതാക്കൾ തനിക്കും താൻ അവർക്കും ഒരുപാട് പ്രിയപ്പെട്ടവരാണ്. ഇപ്പോഴും അവരെ വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോഴത്തെ കാറ്റും കോളുമടങ്ങി പ്രശ്നം തണുക്കുന്നതോടെ അവരുമായി സന്ധിക്കുമെന്നും ഹാദിയ അറിയിച്ചു. എല്ലാം ശുഭമായി അവസാനിപ്പിച്ച് തങ്ങൾ ഹാദിയയുടെ വീട്ടുകാരുമായി ഒരുമിക്കുമെന്ന് ഒപ്പമുണ്ടായിരുന്ന ശഫിൻ ജഹാനും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.