ഹാദിയയുടെ മൊഴി രഹസ്യമായി കേൾക്കണമെന്ന ആവശ്യം തള്ളി
text_fieldsന്യൂഡൽഹി: ഹാദിയയുമായി സുപ്രീംകോടതി രഹസ്യമായി ആശയവിനിമയം നടത്തണമെന്നും തുറന്നകോടതിയിൽ മൊഴി എടുക്കരുതെന്നുമുള്ള പിതാവ് അശോകെൻറ ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യം പിതാവല്ല, കോടതിയാണ് തീരുമാനിക്കുകയെന്നും ഇതിനകം തീരുമാനമെടുത്തുകഴിഞ്ഞതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹാദിയയുമായി തുറന്ന കോടതിയിൽ ആശയവിനിമയം നടത്തരുതെന്ന അപേക്ഷ ബുധനാഴ്ച അശോകെൻറ അഭിഭാഷകൻ അഡ്വ. രഘുനാഥ് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തന്നെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രോഷത്തോടെയാണ് പ്രതികരിച്ചത്. പെൺകുട്ടിയുമായി ഏത് തരത്തിൽ ആശയ വിനിമയം നടത്തണമെന്ന് പറയാൻ പിതാവ് ആരാണെന്നും കോടതിക്ക് വേണ്ടി നിങ്ങളാണോ അത് തീരുമാനിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ഇതിനകം കോടതി അക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്നും ഒാർമിപ്പിച്ചു. ഇതിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമുണ്ടെന്നും കഴിഞ്ഞ തവണത്തെ വാദം കേൾക്കലിന് ശേഷം തങ്ങളുടെ പക്കൽ കുറെ വസ്തുതകളുും രേഖകളും ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് അപേക്ഷ നൽകിയതെന്നും അഡ്വ. രഘുനാഥ് ബോധിപ്പിച്ചു. ഇൗ അപേക്ഷ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേൾക്കണമെന്നും അതിനായി പട്ടികയിൽപ്പെടുത്തണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഒന്നും പട്ടികയിൽ വരില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി.
ഇതിനിടയിൽ അശോകന് വേണ്ടി ഇടപെട്ട മുതിർന്ന അഭിഭാഷക അഡ്വ. മാധവി ദിവാൻ തിങ്കളാഴ്ച രാവിലെ അപേക്ഷ പരാമർശിക്കാനെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രധാന കേസ് 27ന് പരിഗണനക്കായി വരുകയാണെന്നും വല്ല അപേക്ഷയുമുണ്ടെങ്കിൽ അതിെൻറ കൂടെ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇൗമാസം 27ന് മൂന്ന് മണിക്കാണ് ഹാദിയയെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ഹാജരാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.