ഹാദിയയെ നേരിട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശം -VIDEO
text_fieldsന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെയും പിതാവ് അശോകെൻറയും കടുത്ത എതിർവാദങ്ങൾ തള്ളി ഡോ. ഹാദിയയെ നവംബർ 27ന് മൂന്നുമണിക്ക് സുപ്രീംകോടതിയിൽ ഹാജരാക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഹാദിയയെ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കാൻ പിതാവിെൻറ അഭിഭാഷകൻ നടത്തിയ അവസാനശ്രമവും പരാജയപ്പെട്ടപ്പോൾ ‘ഇൻ കാമറ’ നടപടിയിലൂടെ ഹാദിയയെ വിസ്തരിച്ചാൽ മതിയെന്ന നിലപാട് എടുത്തുനോക്കിയെങ്കിലും അതും തള്ളിയ സുപ്രീംകോടതി തുറന്ന കോടതിയിൽതന്നെ ഹാജരാക്കണമെന്ന് ഉത്തരവിടുകയായിരുന്നു.
മണിക്കൂറിലേറെ നീണ്ട വാദങ്ങൾക്ക് അറുതിവരുത്തി ഹാദിയയെ ഹാജരാക്കാൻ സംസ്ഥാന സർക്കാറിന് നിർദേശംനൽകാനാണ് സുപ്രീംകോടതി ഒരുങ്ങിയതെങ്കിലും അശോകെൻറ അഭിഭാഷകൻ ശ്യാം ദിവാൻ തങ്ങൾതന്നെ ഹാജരാക്കാമെന്ന് അറിയിച്ചപ്പോൾ ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയായിരുന്നു. തുടർന്ന് ആഗസ്റ്റ് 16ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതിവരുത്തിയാണ് ഹാദിയയെ ഹാജരാക്കാൻ ഉത്തരവിടുന്നതെന്ന് ചീഫ് ജസ്റ്റിസിനുപുറമെ ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, ഡി.ൈവ. ചന്ദ്രചൂഡ് എന്നിവർകൂടി അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നവംബർ 27ന് ഉച്ചക്കുശേഷം മൂന്നു മണിക്ക് പിതാവ് അശോകൻ മകളുടെ സാന്നിധ്യം സുപ്രീംകോടതിയിൽ ഉറപ്പുവരുത്തണം. അടച്ചിട്ട മുറിയിലല്ല തുറന്ന കോടതിമുറിയിലായിരിക്കും സുപ്രീംകോടതി അവരോട് സംസാരിക്കുകയെന്നും ഉത്തരവിലുണ്ട്. കുടുംബത്തിനുള്ള സംരക്ഷണം ഇനിയൊരുത്തരവുണ്ടാകുന്നതുവരെ തുടരുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
കേസിലെ വലിയ വിഷയം തീർപ്പാക്കാതെ ഹേബിയസ് കോർപ്പസ് ഹരജിയുടെ മെറിറ്റ് മാത്രം നോക്കി ഹാദിയയെ ശഫിൻ ജഹാെൻറ കസ്റ്റഡിയിൽ വിട്ടുകൊടുക്കുന്ന കാര്യം ഇപ്പോൾ തീരുമാനിക്കരുതെന്നും ഹാദിയയും ശഫിനും തമ്മിൽ ആശയവിനിമയം നടത്താനിടവരരുതെന്നും ദേശീയ അേന്വഷണ ഏജൻസിക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്, അശോകനുവേണ്ടി ഹാജരാകുന്ന ശ്യാം ദിവാൻ എന്നിവർ ബോധിപ്പിച്ച കാര്യം ഉത്തരവിൽ പരാമർശിച്ചു. രണ്ട് അഭിഭാഷകരും വലിയ വിഷയമായി ഉന്നയിച്ചത് ശഫിൻ ജഹാെൻറ മുൻകാലപ്രവൃത്തികളും പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യയുമായുള്ള ബന്ധവുമാണ്. എന്നാൽ, ശഫിനെതിരെ ഉന്നയിച്ച ഇൗ ആരോപണങ്ങളെല്ലാം അഭിഭാഷകൻ കപിൽ സിബൽ എതിർത്തുവെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ വിഷയത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് കേരളത്തിനു വേണ്ടി ഹാജരായ അഡ്വ. വി.ഗിരി ആരാഞ്ഞു. സംരക്ഷണം തുടരണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗിരിയെ ഒാർമിപ്പിച്ചു.
ഡോ. ഹാദിയയുടെ ഇസ്ലാമിലേക്കുള്ള മതപരിവർത്തനവും ശഫിൻ ജഹാനുമായുള്ള വിവാഹവും സ്വന്തം ഇഷ്ടപ്രകാരമായിരുന്നോ എന്ന് അവരിൽനിന്ന് നേരിട്ടറിയാനാണ് നേരിട്ട് ഹാജരാകാൻ പറഞ്ഞത്. തിങ്കളാഴ്ച കേസിൽ വാദം കേട്ടപ്പോൾത്തന്നെ ഹേബിയസ് കോർപ്പസ് റിട്ടിൽ ഒരു വിവാഹം എങ്ങനെ റദ്ദുചെയ്യാനാകുമെന്ന ചോദ്യം സുപ്രീംകോടതി ആവർത്തിച്ചു. പെൺകുട്ടി വന്ന് രക്ഷിതാക്കൾക്കൊപ്പം താമസിക്കാനാവില്ലെന്ന് പറഞ്ഞാൽ പിന്നെ എന്താണ് ചെയ്യാനുള്ളത്? അതിനാൽ എവിടെയാണ് അവൾ താമസിക്കാൻ ആഗ്രഹിക്കുന്നത് എന്ന് ഞങ്ങൾക്കറിയണം. എൻ.െഎ.എക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം. അതിലേക്ക് കോടതി കടക്കുന്നില്ല. വിവാഹം വ്യക്തിപരമാണ്. വിവാഹത്തിന് രക്ഷിതാവില്ലാതെ സ്വതന്ത്രമായി സമ്മതം നൽകാം. ഇൗയൊരു കേസിനായി നിയമം നശിപ്പിക്കാനാവില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.