ഹാദിയ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ഹാദിയ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഷെഫിന്‍ ജഹാന്‍റേയും ഹാദിയയുടേയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അടക്കം കേസിന്‍റെ ഏറ്റവും നിര്‍ണ്ണായകമായ വശങ്ങള്‍ കോടതി പരിശോധിക്കും. കേസില്‍ എൻ.ഐ.എ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.
മാതാപിതാക്കളുടെ സംരക്ഷണത്തില്‍ നിന്ന് മോചിപ്പിച്ച് ഹാദിയയെ സേലത്ത് പഠിക്കാന്‍ അനുവദിച്ച ഇടക്കാല ഉത്തരവിന് ശേഷമുള്ള വാദങ്ങളാണ് സുപ്രിംകോടതിയില്‍ ഇന്ന് ആരംഭിക്കുന്നത്. കേസിന്‍റെ നിര്‍ണ്ണായക വശങ്ങളിലേക്ക് ഇനിയാണ് കോടതി കടക്കുക. വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിയായിരുന്നോ? ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റാദ്ദാക്കാനാകുമോ? ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരായ തീവ്രവാദ ബന്ധ ആരോപണത്തിന്‍റെ സാംഗത്യമെന്ത്? തുടങ്ങിയ കാര്യങ്ങള്‍ കോടതിയുടെ പരിഗണനക്ക് വരും. കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചേക്കും.
ഹാദിയയും ഷെഫിൻ ജഹാനുമായുള്ള വിവാഹം സംബന്ധിച്ച പുതിയ വിവരങ്ങൾ റിപ്പോർട്ടിലുണ്ടാവുമെന്നാണ് സൂചന. വിവാഹാലോചനാ വെബ്‌സൈറ്റിലൂടെയാണ് ഷെഫിൻ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ വിശദീകരണത്തിന് വിരുദ്ധമായ മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഷെഫിന്‍ ജഹാനായി ഹാജരാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.