വഴിയേ പോകുന്നവർക്ക് ഹാദിയയെ കാണാനാവില്ല -പിതാവ് അശോകൻ VIDEO
text_fieldsന്യൂഡൽഹി: വഴിയേ പോകുന്നവരെ സന്ദർശകരെന്ന് പറയാനാവില്ലെന്നും അത്തരക്കാർക്ക് ഹാദിയയെ കാണാൻ സാധിക്കില്ലെന്നും പിതാവ് അശോകൻ. ഭർത്താവിന്‍റെ സ്ഥാനം കോടതി കൊടുക്കാത്തത് കൊണ്ട് ശഫിൻ ജഹാന് ഹാദിയയെ സേലത്ത് പോയി കാണാനാവില്ല. ശഫിൻ കാണാൻ ശ്രമിച്ചാൽ അഭിഭാഷകരോട് ആലോചിച്ച് നിയമനടപടി സ്വീകരിക്കും. ഹാദിയക്ക് വേണ്ടപ്പെട്ടവരായ സന്ദർശകർക്ക് കാണാമെന്നാണ് സുപ്രീംകോടതി അർഥമാക്കിയിട്ടുള്ളതെന്നും അശോകൻ വ്യക്തമാക്കി.
ശഫിൻ ജഹാനെ രക്ഷിതാവാക്കണമെന്ന ഹാദിയയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. പിതാവിനെ രക്ഷിതാവാക്കേണ്ടെന്ന ഹാദിയയുടെ നിലപാടിൽ വിഷമമില്ല. മകളുടെ പഠനം മുടങ്ങിയെന്ന ദുഃഖത്തിലായിരുന്നു താൻ. ഇതുവരെയുള്ള നിയമപോരാട്ടത്തിൽ താനാണ് വിജയിച്ചത്. മകൾക്ക് ഇരുമ്പു കവചമാണ് താൻ തീർത്തു നൽകിയതെന്നും അശോകൻ പറഞ്ഞു.
സുപ്രീംകോടതി നല്ലതു മാത്രമാണ് ചെയ്തത്. ആ വിധിയെ അംഗീകരിക്കുന്നു. എൻ.ഐ.എ അന്വേഷണം തുടരാമെന്നുള്ള കോടതി നിർദേശം കുടുംബത്തിന്‍റെ നിലപാടിലുള്ള വിജയമാണ്. ഹാദിയ വീട്ടുതടങ്കലിലായിരുന്നില്ല. നാലു പൊലീസുകാർ മുറിക്കുള്ളിലും ബാക്കിയുള്ളവർ വീട്ടുവളപ്പിലും ഉണ്ടായിരുന്നു. അതിനാൽ വീടിന് പുറത്തിറങ്ങി നടക്കാമെന്ന് പറഞ്ഞാൽ മകൾ തയാറായിരുന്നില്ലെന്നും അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.
ഹാദിയയുടെ കൂടെ പഠിച്ചവർ ചതിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് മാതാവ് പൊന്നമ്മ പ്രതികരിച്ചു. വൈക്കം ടി.വി പുരത്തോ തന്‍റെ ജന്മനാടായ ചേർത്തലയിലോ വീടിന് സമീപത്തോ മുസ് ലിംകൾ ഇല്ല. മുസ് ലിംകളായ സുഹൃത്തുക്കൾ തങ്ങൾക്കില്ല. തീവ്രവാദ മതമായത് കൊണ്ടാണ് കുടുംബം ഭയക്കുന്നത്. ഒരു തീവ്രവാദിയെ കൊണ്ട് മകളുടെ വിവാഹം കഴിപ്പിച്ചതിലാണ് ദുഃഖം. മകളുടെ മാനസികനില ശരിയല്ലെന്നും മാതാവ് കൂട്ടിച്ചേർത്തു.
കേരളത്തിലേക്ക് പോകാൻ പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാദിയയുടെ മാതാപിതാക്കൾ. സേലത്തെ ബി.എച്ച്.എം.എസ് കോളജിലേക്ക് പോയ ഹാദിയയെ മാതാപിതാക്കൾ അനുഗമിക്കുന്നില്ല. ഉച്ചക്ക് രണ്ടരക്കുള്ള വിമാനാത്തിൽ ഇരുവരും കേരളത്തിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.